കോഴിക്കോട്: മാഹിയിൽനിന്ന് ലോറിയിൽ കടത്തുകയായിരുന്ന വിദേശമദ്യവുമായി തമിഴ്നാട് സ്വദേശിയായ ലോറി ഡ്രെെവർ എക്സെെസിന്റെ പിടിയിൽ. തമിഴ്നാട് തിരുപ്പൂർ കാങ്കയം സ്വദേശി ശങ്കറാണ് (35) എക്സെെസിന്റെ പിടിയിലായത്.
വടകര ദേശീയപാതയില്‍ ലിങ്ക് റോഡിനോട് ചേര്‍ന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പ്രതിയെയും വാഹനത്തെയും കസ്റ്റഡിയിലെടുത്തത്.
എക്സെെസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കണ്ണൂരിൽ ചേന ഇറക്കി തമിഴ്നാട്ടിലേക്ക് തിരിച്ച് പോകുന്നതിനിടെയാണ് ഇയാൾ മാഹിയിൽനിന്ന് മദ്യം വാങ്ങിയത്.
276 കുപ്പി വിദേശ മദ്യമാണ് ഇയാളിൽനിന്ന് പിടികൂടിയത്. ലോറിയുടെ പിൻഭാഗത്ത് 23 കെയ്സുകളിലാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു മദ്യം.