കാഴ്ചയെ ബാധിക്കുന്ന, കാഴ്ച ശക്തി തന്നെ നഷ്ടപ്പെടാൻ കാരണമാകുന്ന ഒരു രോഗമാണ് ഗ്ലൂക്കോമ. കണ്ണിന്‍റെ ഒപ്റ്റിക് നര്‍വിനെ ബാധിക്കുന്നൊരു രോഗമാണിത്. കണ്ണില്‍ നിന്ന് തലച്ചോറിലേക്ക് കാഴ്ച സംബന്ധിക്കുന്ന വിവരത്തെ കൈമാറുകയെന്നതാണ് ഒപ്റ്റിക് നര്‍വിന്‍റെ ധര്‍മ്മം.
സാധാരണയുള്ള കാഴ്ചയില്‍ നിന്ന് വ്യത്യസ്തമായി കാഴ്ച കുറഞ്ഞുവരിക, അതുപോലെ കാഴ്ചയുടെ പരിധി കുറഞ്ഞുവരിക - പോലുള്ള പ്രശ്നങ്ങള്‍ ഗ്ലൂക്കോമ ലക്ഷണങ്ങളാകാം. ഒരു ടണലിലൂടെ നോക്കിയാല്‍ കാണുന്ന രീതിയിലേക്ക് കാഴ്ച മാറുന്നതും ഗ്ലൂക്കോമയുടെ ലക്ഷണമായി വരാവുന്ന പ്രശ്നമാണ്. ഇത് ഗദ്ലൂക്കോമ അല്‍പം അധികരിച്ച അവസ്ഥയിലാണ് കാണപ്പെടുക.
കാഴ്ച മങ്ങിക്കാണുന്നതും ഗ്ലൂക്കോമ ലക്ഷണമാകാം. എന്നാലിത് പരിശോധനയിലൂടെ മനസിലാക്കേണ്ടതാണ്. സൂക്ഷിച്ച് നോക്കിയാല്‍ മാത്രം മനസിലാകുന്ന കാര്യങ്ങള്‍, സാധനങ്ങള്‍, അക്ഷരങ്ങള്‍ എല്ലാം വ്യക്തമാകാൻ ഈ അവസ്ഥയില്‍ സാധ്യമല്ലാതെ വരാം. ഗ്ലൂക്കോമയുടെ ഭാഗമായി വെളിച്ചത്തിനോട് സെൻസിറ്റിവിറ്റി കൂടുതലാകാം. ഇതുകാരണം ബള്‍ബ് പോലുള്ള പ്രകാശത്തിന്‍റെ സ്രോതസുകളിലേക്ക് നോക്കുമ്പോള്‍ അതിന് ചുറ്റും വീണ്ടും വെളിച്ചത്തിന്‍റെ വലയം പോലെ കാണാം. അതുപോലെ കണ്ണിലേക്ക് ഗ്ലെയറടിക്കുന്നതും കൂടുതലായിരിക്കും.
ചിലരില്‍ ഗ്ലൂക്കോമയുടെ ഭാഗമായി കണ്ണ് വേദനയും പതിവായി അനുഭവപ്പെടാം. നേരിയ രീതിയില്‍ തുടങ്ങി കുത്തിത്തറയ്ക്കുന്നത് പോലെ അസഹനീയമായ വിധത്തിലേക്ക് വരെ ഈ വേദന എത്താം. ചിലരില്‍ ഗ്ലൂക്കോമ അധികരിക്കുമ്പോള്‍ ഓക്കാനം, ഛര്‍ദ്ദി പോലുള്ള ലക്ഷണങ്ങളും കാണാറുണ്ട്. അതുപോലെ തന്നെ വയറുവേദനയും. കണ്ണുകളില്‍ ചുവപ്പുനിറം പടരുന്നതും ഗ്ലൂക്കോമ ലക്ഷണമായി വരാറുണ്ട്. ഇതിനൊപ്പം ചൊറിച്ചിലും അസ്വസ്ഥതയും കൂടി അനുഭവപ്പെടാം.