കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ കാര്‍ കയറ്റി മൈനാഗപ്പള്ളി പഞ്ഞിപുല്ലുംവിളയില്‍ കുഞ്ഞുമോളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാംപ്രതി നെയ്യാറ്റിന്‍കര സ്വദേശി ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ജി. ഗോപകുമാറാണ് കേസ് പരിഗണിച്ചത്. കോടതിയുടെ ആവശ്യപ്രകാരം പോലീസ് നേരത്തെ കേസ് ഡയറി ഹാജരാക്കിയിരുന്നു. നിലവിൽ അട്ടക്കുളങ്ങര ജയിലിലാണ് പ്രതി ശ്രീക്കുട്ടിയുള്ളത്.
കാറോടിച്ച ഒന്നാം അജ്മലിനെതിരെ മനഃപൂര്‍വമുള്ള നരഹത്യാ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കാറിന്റെ പിന്‍സീറ്റിലായിരുന്നു രണ്ടാം പ്രതി ശ്രീക്കുട്ടി. ശ്രീക്കുട്ടിയുടെ പ്രേരണയിലാണ് അജ്മല്‍ കാറുമായി രക്ഷപ്പെടാന്‍ ശ്രമിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു.
ശനിയാഴ്ച ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായിരുന്നു. ശ്രീക്കുട്ടിക്കെതിരേ നരഹത്യാക്കുറ്റം നിലനില്‍ക്കുന്നതല്ലെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. കാറിന്റെ പിന്‍സീറ്റിലായിരുന്ന ശ്രീക്കുട്ടി ഒരു തരത്തിലുമുള്ള പ്രേരണയും ചെയ്തിട്ടില്ലെന്നും ഒന്നാം പ്രതി മുഹമ്മദ് അജ്മല്‍ സ്വയം കാര്‍ മുന്നോട്ട് എടുത്തതാണെന്നും പ്രതിഭാഗം വാദിച്ചു.