മസ്തിഷ്ക-നട്ടെല്ല് ശസ്ത്രക്രിയയിൽ വൻ മുന്നേറ്റം: ബോധവത്കരണ പരിപാടിയുമായി വിദഗ്ധർ

New Update
WhatsApp Image 2026-01-17 at 4.28.34 PM

തിരുവനന്തപുരം: മസ്തിഷ്കവും നട്ടെല്ലുമായി ബന്ധപ്പെട്ട രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഈ മേഖലയിലെ ആധുനിക ശസ്ത്രക്രിയാ സാങ്കേതികവിദ്യകളെക്കുറിച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ജനുവരി 10-ാം തീയതി തിരുവനന്തപുരം ഹിൽട്ടൺ ഗാർഡനിൽ വച്ച് നടന്ന പരിപാടിയിൽ പ്രമുഖ ന്യൂറോസർജൻമാരായ ഡോ. ഗിരീഷ് മേനോൻ, ഡോ. സുശാന്ത് എസ്., ഡോ. ശ്രീജിത് എം.ഡി, നട്ടെല്ലുരോഗ ചികിത്സാ വിദഗ്ധൻ ഡോ. അശോക് തോമസ് എന്നിവർ പങ്കെടുത്തു. പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിന്റെ പ്രാധാന്യം, ചികിത്സാ രീതികളിലെ ആധുനികവൽക്കരണം, പരമ്പരാഗത തുറന്ന ശസ്ത്രക്രിയകളിൽ നിന്ന് മിനിമലി ഇൻവേസീവ് സാങ്കേതിക വിദ്യകളിലേക്കുള്ള മാറ്റം എന്നിവയെക്കുറിച്ച് വിദഗ്ധർ വിശദീകരിച്ചു.

Advertisment


സ്ഥിരമായ നടുവേദന, കൈകാലുകളിലെ ബലക്കുറവ്, മരവിപ്പ്, ശരീരത്തിന്റെ ബാലൻസ് നഷ്ടമാകൽ, നീണ്ടുനിൽക്കുന്ന തലവേദന, സംസാരത്തിലോ കാഴ്ചയിലോ വരുന്ന മാറ്റങ്ങൾ തുടങ്ങിയവ മസ്തിഷ്ക-നട്ടെല്ല് രോഗങ്ങളുടെ പ്രാരംഭ മുന്നറിയിപ്പുകളാകാമെന്ന് പാനൽ വ്യക്തമാക്കി. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ സമയബന്ധിതമായ വിദഗ്ധ പരിശോധന നടത്തുന്നത് ചികിത്സയുടെ വിജയത്തിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്. രോഗിയുടെ നില, ആരോഗ്യസ്ഥിതി, രോഗത്തിന്റെ ഘട്ടം എന്നിവ കണക്കിലെടുത്താണ് ചികിത്സാ സംബന്ധമായ തീരുമാനങ്ങൾ എടുക്കുന്നതെന്നും അവർ അറിയിച്ചു.


നട്ടെല്ല് ശസ്ത്രക്രിയയിലെ പുരോഗതിയെക്കുറിച്ച് സംസാരിക്കവെ, പരമ്പരാഗത തുറന്ന ശസ്ത്രക്രിയകളിൽ നിന്ന് കുറഞ്ഞ മുറിവുള്ള സാങ്കേതിക വിദ്യകളിലേക്കുള്ള മാറ്റം രോഗികൾക്ക് ഏറെ ആശാവഹമാണെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി. ഇതുവഴി മാംസപേശികൾക്കുണ്ടാകുന്ന മുറിവുകൾ, രക്തസ്രാവം, ആശുപത്രി വാസം, സുഖപ്രാപ്തി സമയം എന്നിവ ഗണ്യമായി കുറയ്ക്കാൻ സാധിക്കും.

അഡ്വാൻസ്ഡ് ഇമേജിംഗ്, നാവിഗേഷൻ സാങ്കേതിക വിദ്യകൾ ശസ്ത്രക്രിയയുടെ കൃത്യതയും സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്. മസ്തിഷ്ക ശസ്ത്രക്രിയയിൽ നാവിഗേഷൻ സഹായവും എൻഡോസ്കോപിക് രീതികളും സുപ്രധാന ഭാഗങ്ങളെ സംരക്ഷിച്ചുകൊണ്ട് കൂടുതൽ കൃത്യതയോടെ ശസ്ത്രക്രിയ നടത്താൻ സഹായിക്കുന്നു.


ആധുനിക സാങ്കേതികവിദ്യകൾ ചികിത്സാ സാധ്യതകൾ വർധിപ്പിച്ചിട്ടുണ്ടെങ്കിലും എല്ലാ രോഗികൾക്കും ശസ്ത്രക്രിയ ആവശ്യമില്ലെന്നും ഇക്കാര്യത്തിൽ വിദഗ്ധ പരിശോധന അനിവാര്യമാണെന്നും മാധ്യമങ്ങളുമായുള്ള ഇന്ററാക്ഷനിൽ ഡോക്ടർമാർ ഓർമ്മിപ്പിച്ചു. പൊതുജനതാൽപ്പര്യാർത്ഥം മെഡ്ട്രോണിക് പുറത്തിറക്കിയ ഈ ബോധവത്കരണ പരിപാടി, രോഗികൾക്കിടയിൽ ശരിയായ അറിവും സുരക്ഷയും ഉറപ്പാക്കാനും സമയബന്ധിതമായി ചികിത്സ തേടാൻ അവരെ പ്രേരിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്.

Advertisment