/sathyam/media/media_files/2026/01/17/sreekandan-nair-sujaya-parvathy-tk-rijith-deepak-malayamma-sanio-manomi-2026-01-17-22-16-54.jpg)
കൊച്ചി: ബിഗ് ടിവിയുടെ വരവോടെ മലയാള ടെലിവിഷൻ വാർത്താ ചാനൽ രംഗത്ത് വീണ്ടും മാധ്യമപ്രവർത്തകരുടെ കൂടുമാറ്റം സജീവമാകുന്നു.
മുൻനിര അവതാരക സുജയ പാർവതി അടക്കം ഉള്ളവർ റിപോർട്ടർ ടിവിയിൽ നിന്ന് ബിഗ് ടിവിയിലേക്ക് ചേക്കേറി. ബിഗ് ടിവി വൻ തോതിൽ ജീവനക്കാരെ കൊണ്ടു പോകാൻ ഇടയുണ്ടെന്ന ആശങ്കയിൽ റിപ്പോർട്ടർ ടി വി വൻതോതിൽ നിയമനം നടത്തുന്നതും ചാനൽ രംഗത്ത് ഇളക്കം ഉണ്ടാക്കിയിട്ടുണ്ട്.
ബിഗ് ടിവിയും റിപോർട്ടറും ആളുകളെ കൂട്ടത്തോടെ കൊണ്ടുപോകാൻ തുടങ്ങിയതോടെ പ്രതിസന്ധിയിലായത് ട്വൻ്റി ഫോർ ന്യൂസ് ആണ്. സീനിയർ - ജൂനിയർ തലത്തിൽ നിന്ന് ഒന്നര ഡസനിൽ ഏറെ മാധ്യമ പ്രവർത്തകരാണ് ട്വൻ്റി ഫോറിൽ നിന്ന് പുറത്തേക്ക് പോയത്.
ന്യൂസ് ഡസ്കിലും ബ്യൂറോയിലും കനത്ത ആൾ ക്ഷാമം നേരിടുന്ന ട്വൻ്റിഫോറിൻ്റെ അവസ്ഥ പരിതാപകരമാണ്. ദൈനംദിന ഷിഫ്റ്റ് നടത്തിക്കൊണ്ടു പോകുന്നതിന് പോലും ആളില്ല എന്നതാണ് സ്ഥിതി.
ബിഗ് ടിവിയുടെ വരവ് ചാനൽ രംഗത്ത് സൃഷ്ടിച്ച മാറ്റങ്ങളാണ് ഇതര ചാനലുകളെ പ്രതിസന്ധിയിലാക്കിയത്.
സുജയ പാർവതിയെ കൂടാതെ മലപ്പുറം റിപോർട്ടർ അഷ്കർ അലി കരിമ്പ, കോഴിക്കോട് ബ്യൂറോയിലെ റിപോർട്ടർമാരായ ദീപക് മലയമ്മ, സാനിയോ മനോമി, കൊച്ചി ബ്യൂറോയിലെ റിപോർട്ടർ അലി അക്ബർ, കൊല്ലം ബ്യൂറോയിലെ റിപോർട്ടർ ദിലീപ് ദേവസ്യ, ന്യൂസ് ഡസ്കിൽ നിന്ന് ആര്യാ സുരേന്ദ്രൻ എന്നിവരാണ് രാജി വെച്ചത്.
/filters:format(webp)/sathyam/media/media_files/2026/01/17/ashkar-ali-karimba-arya-surendran-dileep-devasia-2026-01-17-22-32-10.jpg)
ഇപ്പോൾ കോഴിക്കോട് ബ്യൂറോയിലുള്ള അർജുൻ കല്യാടും ഉടൻ രാജിവെച്ചേക്കുമെന്നാണ് സൂചന. ആകെ 8 പേരാണ് റിപ്പോർട്ടർ ടിവി വിട്ട് ബിഗ് ടിവിയിൽ ചേർന്നതെങ്കിൽ ഇതിൻ്റെ ഇരട്ടി ആളുകളെ ചാനലിൽ എത്തിക്കാൻ റിപോർട്ടർ ടിവിക്ക് സാധിച്ചിട്ടുണ്ട്.
ട്വൻ്റി ഫോറിൽ നിന്നാണ് ഏറ്റവും കൂടുതൽ പേരെ റിപോർട്ടർ 'പൊക്കിയത്'. ട്വൻ്റി ഫോർ ന്യൂസിലെ അവതാരകരിൽ ഒരാളായ ടി.കെ. റീജിത്ത്, ഡസ്ക് ചീഫുമാരായ രഞ്ജു മത്തായി, അനീഷ്, സബ് എഡിറ്റർമാരായ ഗ്രീഷ്മ, അനശ്വര, എ.വി. ജയശങ്കർ, കോഴിക്കോട് ബ്യൂറോയിലെ റിപോർട്ടർമാരായിരുന്ന മിഥിലാ ബാലൻ, ശഹദ് റഹ്മാൻ, അഭിനന്ദ് വൈ.എസ് കൊച്ചി ബ്യൂറോയിലെ റിപോർട്ടർ റാഫി ബിൻ കരിം, തിരൂർ ബ്യൂറോയിലെ റിപോർട്ടർ സമീർ ബിൻ കരീം, തിരുവനന്തപുരം ബ്യൂറോയിലെ റിപോർട്ടർമാരായ സലിം മാലിക്, മനീഷ് മഹിപാൽ, സുജിത്ത് സുരേന്ദ്രൻ എന്നിവരാണ് രാജി വെച്ചത്.
ഇതിൽ സലിം മാലിക്, സുജിത് സുരേന്ദ്രൻ, സമീർ ബിൻ കരിം, റാഫി ബിൻ കരിം എന്നിവർ ബിഗ് ന്യൂസിലേക്കും ബാക്കിയുള്ളവർ റിപോർട്ടറിലേക്കുമാണ്.
തിരുവനന്തപുരത്ത് നിന്ന് എം.ഡി. പ്രതീഷും കൊച്ചിയിൽ നിന്ന് നിതിൻ അംബുജനും കൊല്ലത്ത് നിന്ന് ആർ. അരുൺരാജും ഉടൻ രാജിവെക്കുമെന്നാണ് റിപ്പോർട്ട്. പ്രമുഖ അവതാരകൻ ഹാഷ്മി താജ് ഇബ്രാഹിമിനും, പൊളിറ്റിക്കൽ എഡിറ്റർ ആർ. ശ്രീജിത്തിനും ഓഫർ ഉണ്ട്.
ഇത്രയും ജേർണലിസ്റ്റുകൾ ഒരുമിച്ച് പുറത്ത് പോകുന്നത് ട്വൻ്റി ഫോറിനെ പ്രതിസന്ധിയിലാക്കും. ആർ. ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിലുള്ള 24 ന്യൂസ് നിലവിൽ ശക്തമായ അടിത്തറയുള്ള ചാനലാണെങ്കിലും, പുതിയ ചാനലുകളുടെ കടന്നുവരവും പരിചയസമ്പന്നരായ അവതാരകരുടെ മാറ്റവും വലിയൊരു വെല്ലുവിളി തന്നെയാണ്.
/filters:format(webp)/sathyam/media/media_files/cHZE2CEbH6E2BROZ93aT.jpg)
കുറഞ്ഞ ശമ്പളം, ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായർ, വൈസ് പ്രസിഡൻ്റ് സി. ഉണ്ണികൃഷ്ണൻ എന്നിവരുടെ പെരുമാറ്റവും കടുത്ത ഭാഷയിലുള്ള ശകാരവുമാണ് ട്വൻ്റി ഫോറിലെ കൂട്ടരാജിക്ക് കാരണമെന്നാണ് ജീവനക്കാരുടെ വിലയിരുത്തൽ.
പ്രമുഖ വാർത്താ അവതാരക സുജയ പാർവ്വതി രാജിവെച്ചത് റിപോർട്ടർ ടിവിയെയും സാരമായി ബാധിക്കും. കഴിഞ്ഞ രണ്ടര വർഷമായി റിപ്പോർട്ടർ ടിവിയുടെ മുഖമായിരുന്ന സുജയയുടെ പെട്ടെന്നുള്ള രാജി റിപോർട്ടറിനെ ഉലക്കും.
അനിൽ അയിരൂരിന്റെ നേതൃത്വത്തിൽ ഉടൻ സംപ്രേഷണം തുടങ്ങാനിരിക്കുന്ന 'ബിഗ് ടിവി' എന്ന പുതിയ ചാനലിലേക്കാണ് സുജയയുടെ മാറ്റം. റിപ്പോർട്ടർ ടിവിയുടെ റീലോഞ്ചിന് ശേഷം ചാനലിനെ ജനപ്രിയമാക്കുന്നതിൽ സുജയ പാർവ്വതി വഹിച്ച പങ്ക് വളരെ വലുതാണ്.
/filters:format(webp)/sathyam/media/media_files/x4Q9AeShRljLZi3voPDG.jpg)
സുജയ അവതരിപ്പിച്ചിരുന്ന 'ഗുഡ് ഈവനിംഗ്' പോലുള്ള പരിപാടികൾക്ക് വലിയ കാഴ്ചക്കാരുണ്ടായിരുന്നു. അവരുടെ വിടവാങ്ങൽ ചാനലിന്റെ പ്രൈം ടൈം റേറ്റിംഗിനെ താൽക്കാലികമായെങ്കിലും ബാധിക്കാൻ സാധ്യതയുണ്ട്.
ചാനലിന്റെ എഡിറ്റോറിയൽ ബോർഡിലെ പ്രമുഖ മുഖങ്ങളിൽ ഒരാൾ മാറുന്നത് സോഷ്യൽ മീഡിയയിലും മറ്റും റിപ്പോർട്ടറിന് ലഭിച്ചിരുന്ന ഡിജിറ്റൽ മൈലേജിനെയും ബാധിച്ചേക്കാം. സീനിയർ ജേർണലിസ്റ്റുകൾ കൂട്ടത്തോടെ മാറുന്നത് ചാനലുകളുടെ എഡിറ്റോറിയൽ നിലവാരത്തെയും വിശ്വാസ്യതയെയും ബാധിക്കാറുണ്ട്.
റേറ്റിങ്ങിൽ മുന്നിൽ ആണെങ്കിലും വിശ്വാസ്യതയിൽ വളരെ പിന്നിലായത് കൊണ്ട് റിപോർട്ടറിനെ അത് ബാധിക്കാനിടയില്ല!
അനിൽ അയിരൂർ നേതൃത്വം നൽകുന്ന ബിഗ് ടിവി, മാധ്യമ രംഗത്തെ പ്രമുഖരെ അണിനിരത്തിയാണ് കളത്തിലിറങ്ങുന്നത്. റിപ്പോർട്ടറിൽ നിന്നും 24 ന്യൂസിൽ നിന്നും കൂടുതൽ ആളുകൾ ബിഗ് ടിവിയിലേക്ക് ചേക്കേറുന്നത് വരും ദിവസങ്ങളിൽ കേരളത്തിലെ ചാനൽ റേറ്റിംഗിൽ വലിയ അട്ടിമറികൾക്ക് കാരണമായേക്കാം.
സുജയ പാർവ്വതിയുടെ രാജി റിപ്പോർട്ടർ ടിവിക്ക് ഒരു തിരിച്ചടിയാണെങ്കിലും, ഇത് മലയാളം വാർത്താ ചാനലുകൾക്ക് ഇടയിലുള്ള മത്സരത്തെ കൂടുതൽ ശക്തമാക്കും. 24 ന്യൂസും റിപ്പോർട്ടറും തങ്ങളുടെ മുൻനിര താരങ്ങളെ നിലനിർത്താൻ ഇനി കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us