/sathyam/media/media_files/2025/12/23/pic-3-2025-12-23-13-47-53.jpeg)
കാസർഗോഡ്: കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ് യുഎം) സംഘടിപ്പിച്ച ഐഇഡിസി (ഇനോവേഷൻ ആൻഡ് ഒൺട്രപ്രണർഷിപ്പ് ഡെവലപ്‌മെന്റ് സെന്റർ) സമ്മിറ്റ് 2025-ന്റെ ഭാഗമായി കാസർഗോഡ് എൽ..ബിഎസ് എൻജിനീയറിംഗ് കോളേജിൽ സജ്ജീകരിച്ച മേക്കേഴ്‌സ് സ്‌പേസിന്റെ ഉദ്ഘാടനം കെഎസ് യുഎം സിഇഒ അനൂപ് അംബിക നിർവഹിച്ചു. കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും എൻട്രി ആപ്പ് (Entri App) സിഇഒയുമായ മുഹമ്മദ് ഹിഷാമിന്റെയും മറ്റ് പൂർവ്വ വിദ്യാർത്ഥികളുടെയും നേതൃത്വത്തിലാണ് നൂതന സംവിധാനം ഒരുക്കിയിരിക്കുന്നത്.
പൂർവ്വ വിദ്യാർത്ഥികളായ സ്റ്റാർട്ടപ്പ് സ്ഥാപകർ വഴി കോളേജിലെ വളർന്നുവരുന്ന സംരംഭകർക്ക് മാർഗ്ഗനിർദ്ദേശവും വിദഗ്ധോപദേശവും നൽകി അവരെ മികച്ച ബിസിനസ്സുകാരാക്കി മാറ്റുകയാണ് മേക്കേഴ്സ് സ്പേസിന്റെ ലക്ഷ്യം. ഭാവിയിൽ സ്വന്തമായി സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന പൂർവ്വ വിദ്യാർത്ഥികൾക്ക് കൂടി ഉപയോഗപ്രദമാകുന്ന രീതിയിൽ ഇത് വിപുലീകരിക്കാനും പദ്ധതിയുണ്ട്.
സംസ്ഥാനത്തെമ്പാടുമുള്ള വിദ്യാർത്ഥി സംരംഭകർ ഐഇഡിസി ഉച്ചകോടിയുടെ പത്താം പതിപ്പിൽ സജീവ സാന്നിധ്യമായി. ഉച്ചകോടിയുടെ ഭാഗമായി നടന്ന എക്സ്പോയിൽ 40-ഓളം സ്റ്റാളുകളിലായി നൂതന ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യകളും പ്രദർശിപ്പിച്ചു.
തിരുവനന്തപുരം ആസ്ഥാനമായുള്ള എജു ഇഡി സൊല്യൂഷൻസ് (AJU ED Solutions) അവതരിപ്പിച്ച റോബോട്ടിക്സ് എഐ ഫയർ എൻജിന്റെ മാതൃക ഇതിൽ ഏറെ ശ്രദ്ധേയമായി. കെട്ടിടങ്ങളിലുണ്ടാകുന്ന തീപിടുത്തം സെൻസറുകൾ വഴി തിരിച്ചറിഞ്ഞ് തീയുടെ തീവ്രതയനുസരിച്ച് തനിയെ അണയ്ക്കാൻ സാധിക്കുന്നതാണ് വിപണിയിലിറങ്ങാൻ പോകുന്ന ഈ എഐ ഉപകരണം.
മുളകൊണ്ട് നിർമ്മിച്ച പരിസ്ഥിതി സൗഹൃദ സാനിറ്ററി നാപ്കിൻ, പഠനത്തിനും പരിശീലനത്തിനുമുള്ള എഡ്യുടെക് ആപ്പുകൾ, ജിം മാനേജ്മെന്റ് ആപ്പ് എന്നിവയും പ്രദർശനത്തിലുണ്ടായിരുന്നു. കൂടാതെ, വിദ്യാർത്ഥികൾക്ക് വ്യക്തിഗത ട്യൂഷൻ നൽകുന്നതിനായി റാന്നി സെന്റ് തോമസ് കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വികസിപ്പിച്ച 'ട്യൂട്ടെറ' (Tuterra) എന്ന പ്ലാറ്റ്‌ഫോമും ഉച്ചകോടിയിലെ പ്രധാന ആകർഷണങ്ങളിലൊന്നായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us