കോഴിക്കോട്: കേരള ടൂറിസത്തിന്‍റെ അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ഇന്ന് (ഞായറാഴ്ച) സമാപനം. കോടഞ്ചേരി പഞ്ചായത്തിലെ പുലിക്കയത്ത് ആരംഭിച്ച മൂന്ന് ദിവസത്തെ ഫെസ്റ്റിവലിനു പുല്ലൂരാംപാറയിലാണ് സമാപനം കുറിക്കുക.
മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്‍റെ സമാപനസമ്മേളന ഉദ്ഘാടനവും വിജയികള്‍ക്കുള്ള സമ്മാനദാനവും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും.
കേരള ടൂറിസത്തിന്‍റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി (കെ.എ.ടി.പി.എസ്), ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി), ത്രിതല പഞ്ചായത്തുകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിംഗ് അസോസിയേഷന്‍റെ (ഐ.കെ.സി.എ) സാങ്കേതിക സഹായവും മത്സരത്തിനുണ്ട്.
മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്‍റെ പതിനൊന്നാം പതിപ്പാണ് ഇത്തവണത്തേത്. ഇരിവഴിഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലുമായാണ് മത്സരം നടന്നത്.
സമാപന പരിപാടിയില്‍ പ്രിയങ്ക ഗാന്ധി എം പി, ലിന്‍റോ ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ശശി, ടൂറിസം ഡയക്ടര്‍ ശിഖ സുരേന്ദ്രന്‍, കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി സി.ഇ.ഒ ബിനു കുര്യാക്കോസ്, വിവിധ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ എന്നിവര്‍ പങ്കെടുക്കും. സമാപന സമ്മേളനത്തോടനുബന്ധിച്ച് മര്‍സി മ്യൂസിക് ബാന്‍റിന്‍റെ സംഗീതപരിപാടിയും മറ്റ് കലാപരിപാടികളും അരങ്ങേറും.
അന്തര്‍ദേശീയ കയാക്കിങ് രംഗത്തെ അതികായരായ ആന്‍റണ്‍ സ്വേഷിങ്കോവ്, ദാരിയ കുസിഷ്ചേവ, റയാന്‍ ഒകോര്‍ണര്‍,(റഷ്യ), മനു വാക്കര്‍നെഗല്‍, സാക് സ്റ്റോണ്‍സ്, മിലി ചേംബര്‍ലിന്‍, ദയാലാ വാര്‍ഡ്, ഫിലിപ് പാല്‍സര്‍(ന്യൂസിലാന്‍ഡ്), പാട്രിക് ഷീഹാന്‍, ജോയ് ടോഡ് (യൂ എസ് എ), കിലിയന്‍ ഇവേലിക് (ചിലി), ജില്ലി ജൂസ്(ബെല്‍ജിയം), മാരിയ (ഇറ്റലി) തുടങ്ങിയവര്‍ മലബാര്‍ റിവര്‍ ഫെസ്റ്റിവലിലെ ഐക്കണ്‍ താരങ്ങളായിരുന്നു. നേപ്പാള്‍, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രൊഫഷണല്‍ കയാക്കിങ് താരങ്ങളും മത്സരങ്ങളില്‍ പങ്കെടുത്തു.