മലപ്പുറത്ത് മലമ്പനി സ്ഥിരീകരിച്ചു; 7 വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് രോഗബാധ, മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യ വകുപ്പ്

New Update
fever kerala new

മലപ്പുറം: മലപ്പുറം ജില്ലയില്‍ മലമ്പനി സ്ഥിരീകരിച്ചു. വണ്ടൂര്‍ അമ്പലപ്പടിയില്‍ താമസിക്കുന്ന 7 വയസ്സുകാരന്‍ ഉള്‍പ്പെടെ 3 പേര്‍ക്കാണ് മലമ്പനി സ്ഥീരീകരിച്ചത്. 

Advertisment

അതിഥി തൊഴിലാളി കുടുംബത്തിലാണ് രോഗബാധ കണ്ടെത്തിയത്. രോഗം ബാധിച്ച മൂന്നുപേരും നാലു ദിവസം മുമ്പാണ് ഉത്തര്‍ പ്രദേശില്‍ നിന്നും എത്തിയതെന്നാണ് റിപ്പോര്‍ട്ട്.


മലമ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മേഖലയില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രതിരോധ ബോധവല്‍കരണ, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. 


അമ്പലപ്പടി, പുല്ലൂര്‍, ഗവ. വിഎംസി സ്‌കൂള്‍ പരിസരം, താമരശ്ശേരി മഠം, നായാടിക്കുന്ന്, പുളിക്കല്‍ ഭാഗങ്ങളിലെ വീടുകളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തി.

ചിരട്ടകള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, വലിച്ചെറിഞ്ഞ പാത്രങ്ങള്‍, ചെടിച്ചട്ടികള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനിന്ന് കൊതുക് പെരുകുന്ന സാഹചര്യങ്ങള്‍ കണ്ടെത്തിയ ഇടങ്ങളില്‍ വീട്ടുകാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. 

കൂടുതല്‍ ശ്രദ്ധ വേണ്ട കേന്ദ്രങ്ങള്‍ ചൂണ്ടിക്കാണിച്ച് അതത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അത്തരം സ്ഥലങ്ങളില്‍ വീണ്ടും പരിശോധന ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

മലമ്പനി രോ​ഗലക്ഷണങ്ങൾ

മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ. ചതുപ്പു പനി എന്നും ഈ രോഗം അറിയപ്പെടുന്നു.

അനോഫിലിസ് ജെനുസ്സിൽ പെടുന്ന ചില ഇനം പെൺകൊതുകുകളാണ് രോഗം പരത്തുന്നത്. വിറയലോട് കൂടിയ പനി, കുളിര്, തലവേദന, ശരീര വേദന, ക്ഷീണം, മനം പിരട്ടൽ, ഛർദ്ദി, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. 

ചുമ, ശക്തമായ പേശി വേദന, തൊലിപ്പുറമേയും കണ്ണിലുമുള്ള മഞ്ഞനിറം, ഇടയ്ക്കിടെ വന്നു പോകുന്ന പനി എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. കൃത്യമായ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മസ്തിഷ്കം, കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളെ പ്രതികൂലമായി ബാധിക്കുകയും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.

Advertisment