മലങ്കര കത്തോലിക്കാ സഭയ്ക്ക് രണ്ട് പുതിയ മെത്രാന്മാര്‍. മോണ്‍. ഡോ. കുറിയാക്കോസ് തടത്തില്‍ യൂറോപ്പിലെ അപ്പസ്‌തോലിക വിസിറ്റേറ്റര്‍. മോണ്‍. ഡോ. ജോണ്‍ കുറ്റിയില്‍ തിരുവനന്തപുരം മേജര്‍ അതിഭദ്രാസന സഹായ മെത്രാന്‍

New Update
971943cc-5919-44d2-b769-b51ba0d77c3b

തിരുവനന്തപുരം : മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് പുതിയ രണ്ട് മെത്രാന്മാരെ നിയമിച്ചു. 

Advertisment

സഭയുടെ യൂറോപ്പിലെ അപ്പസ്‌തോലിക ശുശ്രൂഷകള്‍ക്കായി യുകെ യിലെ സഭാതല കോ ഓര്‍ഡിനേറ്റര്‍ മോണ്‍. ഡോ. കുറിയാക്കോസ് തടത്തില്‍ യൂറോപ്പിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ അപ്പസ്‌തോലിക വിസിറ്റേറ്ററായും തിരുവനന്തപുരം മേജര്‍ അതിഭദ്രാസനത്തിന്റെ ചാന്‍സിലര്‍ മോണ്‍. ഡോ. ജോണ്‍ കുറ്റിയില്‍ മേജര്‍ അതിഭദ്രാസന സഹായമെത്രാനായും നിയമിതനായി. 

നിയമന വാര്‍ത്തയുടെ പ്രസിദ്ധീകരണം റോമിലും തിരുവനന്തപുരം സെന്റ് മേരീസ് കത്തീഡ്രലിലും നടന്നപ്പോള്‍ അടൂര്‍ മാര്‍ ഇവാനിയോസ് നഗറില്‍ മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ 95-ാം വാര്‍ഷികവും ധന്യന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ മെത്രാഭിഷേക ശതാബ്ദിയും നടക്കുന്ന അല്‍മായ സംഗമ വേദിയിലാണ് മലങ്കര സുറിയാനി കത്തോലിക്കാ സഭാ അധ്യക്ഷന്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ സുപ്രധാനമായ ഈ പ്രഖ്യാപനങ്ങള്‍ നടത്തിയത്. 

സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും വിശ്വാസികളുടെ ഒരു വലിയ സമൂഹവും തദവസരത്തില്‍ സന്നിഹിതരായിരുന്നു. പ്രഖ്യാപനത്തിന് ശേഷം നിയുക്ത മെത്രാന്മാരെ മാര്‍ ക്ലീമീസ് കാതോലിക്കാ ബാവ വിരലില്‍ മോതിരം അണിയിച്ചു. 

നിയുക്ത മെത്രാന്‍ മോണ്‍. ഡോ. കുറിയാക്കോസ് തടത്തിലിനെ യൂറോപ്പിലെ മുന്‍ അപ്പസ്‌തോലിക അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് ഇടക്കെട്ടും, പത്തനംതിട്ട രൂപതാധ്യക്ഷന്‍ ബിഷപ്പ് സാമുവേല്‍ മാര്‍ ഐറേനിയോസ് കറുത്ത കുപ്പായവും തിരുവല്ല ആര്‍ച്ചുബിഷപ്പ് തോമസ് മാര്‍ കൂറിലോസ് കുരിശുമാലയും അണിയിച്ചു. 


നിയുക്ത മെത്രാന്‍ മോണ്‍. ഡോ. ജോണ്‍ കുറ്റിയിലിനെ മാവേലിക്കര രൂപത മുന്‍ അധ്യക്ഷന്‍ ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ഇടക്കെട്ടും ബത്തേരി രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോസഫ് മാര്‍ തോമസ് കറുത്ത കുപ്പായവും പാറശാല രൂപതാധ്യക്ഷന്‍ ബിഷപ്പ് തോമസ് മാര്‍ യൗസേബിയോസ് കുരിശുമാലയും അണിയിച്ചു


വിശ്വാസികളെ പ്രതിനിധീകരിച്ച് എംസിഎ സഭാതല പ്രസിഡന്റ് എസ്.ആര്‍. ബൈജുവും, മദേഴ്‌സ് ഫോറം സഭാതല പ്രസിഡന്റ് ജിജി മത്തായിയും ബൊക്കെ നല്‍കി ആശംസകള്‍ അറിയിച്ചു. മെത്രാഭിഷേകം നവംബര്‍ 22 ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കും. 

3a9373c5-70f4-4fd5-96ad-1ec44d993444


മോണ്‍. ഡോ. കുറിയാക്കോസ് തടത്തില്‍

കോട്ടയം ജില്ലയില്‍ അമയന്നൂര്‍ തടത്തില്‍ പരേതരായ തോമസിന്റെയും അന്നമ്മയുടെയും മകനായി 1962 മാര്‍ച്ച് 27-ന് ജനിച്ച നിയുക്ത മെത്രാന്‍ ബഹു. കുറിയാക്കോസ് തടത്തില്‍ തിരുവല്ല അതിഭദ്രാസനത്തിലെ അമയന്നൂര്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ഇടവകാംഗമാണ്. 

1987-ല്‍ ഭാഗ്യസ്മരണാര്‍ഹനായ ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലിത്തായാല്‍ തിരുവല്ല അതിരൂപതയിലെ വൈദികനായി അഭിഷിക്തനായ കുറിയാക്കോസ് തടത്തില്‍ അച്ചന്‍ 2021 മുതല്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യു.കെ. റീജിയന്റെ സഭാതല കോര്‍ഡിനേറ്റര്‍ ആയി ശുശ്രൂഷ ചെയ്തു വരുന്നു.


വൈദിക പരിശീലനം തിരുവല്ല ഇന്‍ഫന്റ് മേരീസ് മൈനര്‍ സെമിനാരിയിലും പ്രീഡിഗ്രി പഠനം ചങ്ങനാശ്ശേരി സെന്റ് ബര്‍ക്കുമാന്‍സ് കോളേജിലും പൂര്‍ത്തിയാക്കി.


തുടര്‍ന്ന് തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങള്‍ ആലുവ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ നടത്തി. അജപാലന ശുശ്രൂഷയോടൊപ്പം തൃശൂര്‍ സെന്റ് തോമസ് കോളേജില്‍നിന്നും ആംഗലേയ സാഹിത്യത്തില്‍ ബിരുദം നേടി. 

റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ആരാധനക്രമ ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കി. കേരളത്തില്‍ കാനം, നെടുമാവ്, ചുമന്നമണ്ണ്, അടിപെരണ്ട, കൊമ്പഴ, ചക്കുണ്ട്, കുന്നംകുളം, വാഴാനി, തിരുവല്‍വണ്ടൂര്‍, ചെങ്ങരൂര്‍ എന്നീ ഇടവകകളുടെ വികാരിയായി സേവനമനുഷ്ഠിച്ചു. 


2001 മുതല്‍ 2020 വരെ തിരുവനന്തപുരം മലങ്കര സെമിനാരിയില്‍ അധ്യാപകനായും കോട്ടയം വടവാതൂര്‍, കുന്നോത്ത് ഗുഡ്‌ഷെപ്പേഡ് സെമിനാരികളില്‍ വിസിറ്റിംഗ് പ്രൊഫസറായും സേവനമനുഷ്ഠിച്ച ബഹുമാനപ്പെട്ട തടത്തില്‍ അച്ചന്‍ 2017 മുതല്‍ 2020 വരെ മലങ്കര മേജര്‍ സെമിനാരിയുടെ റെക്ടറായും സേവനം നിര്‍വഹിച്ചു. 


തിരുവല്ല അതിഭദ്രാസനത്തിന്റെ ചാന്‍സലര്‍, വിശ്വാസ പരിശീലന പദ്ധതിയുടെ അതിഭദ്രാസന ഡയറക്ടര്‍, സഭയുടെ ആരാധനക്രമ കമ്മീഷന്‍ സെക്രട്ടറി, 2001 മുതല്‍ 2020 വരെ സഭയുടെ മാസ്റ്റര്‍ ഓഫ് സെറിമണി ആയും സ്തുത്യര്‍ഹമായ സേവനം ശുശ്രൂഷ നിര്‍വഹിച്ച നിയുക്ത മെത്രാന്‍ ആരാധനക്രമ ദൈവശാസ്ത്രത്തില്‍ പണ്ഡിതനും ഇംഗ്ലീഷ്, ജര്‍മ്മന്‍, ഇറ്റാലിയന്‍ ഭാഷകളില്‍ അവഗാഹം ഉള്ള വ്യക്തിയുമാണ്.

ഇപ്പോള്‍ യു.കെ.യിലെ കവന്ററി, പ്‌ളിമോത്ത് ഇടവകകളുടെ വികാരിയായി സേവനമനുഷ്ഠിക്കുന്ന നിയുക്തമെത്രാന് മാത്തുക്കുട്ടി, സാബു എന്ന രണ്ടു സഹോദരന്മാരും മിനി എന്ന സഹോദരിയുമുണ്ട്.

eb0e02fa-97c8-434d-8dce-3d4dee986711

മോണ്‍. ഡോ. ജോണ്‍ കുറ്റിയില്‍

കൊല്ലം ജില്ലയില്‍ കൊട്ടാരക്കര കിഴക്കേത്തെരുവില്‍ കുറ്റിയില്‍ പരേതനായ രാജന്റെയും ഓമനയുടെ മകനായി 1982 മെയ് 30-ന് ജനിച്ച നിയുക്ത സഹായമെത്രാന്‍ ഡോ. ജോണ്‍ കുറ്റിയില്‍ അത്യഭിവന്ദ്യ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവായില്‍ നിന്നും 2008-ല്‍ പൗരോഹിത്യം സ്വീകരിച്ച് തിരുവനന്തപുരം മേജര്‍ അതിഭദ്രാസനത്തിലെ വൈദികനായി. 

പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസം കിഴക്കേത്തെരുവ് സെന്റ് മേരീസ് സ്‌കൂളില്‍ നടത്തി.വൈദിക പഠനം തിരുവനന്തപുരം സെന്റ് അലോഷ്യസ് മൈനര്‍ സെമിനാരിയിലും തത്വശാസ്ത്ര ദൈവശാസ്ത്ര പഠനങ്ങളും വൈദിക പരിശീലനവും സെന്റ് മേരീസ് മലങ്കര മേജര്‍ സെമിനാരിയിലും പൂര്‍ത്തിയാക്കി. തദവസരത്തില്‍ തത്വശാസ്ത്രത്തിലും  ദൈവശാസ്ത്രത്തിലും ബിരുദം കരസ്ഥമാക്കി.


കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ സെക്രട്ടറിയായിട്ടാണ് പ്രാഥമിക നിയമനം. തുടര്‍ന്ന് റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സഭാനിയമത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കി. 


2015-ല്‍ മേജര്‍ അതിഭദ്രാസനത്തില്‍  തിരികെയെത്തിയ ബഹുമാനപ്പെട്ട കുറ്റിയില്‍ അച്ചന്‍ ചാല, കരമന, പാറോട്ടുകോണം, പാളയം സമാധാന രാജ്ഞി ബസിലിക്കാ എന്നി ഇടവകകളില്‍  വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സെന്റ് അലോഷ്യസ് മൈനര്‍ സെമിനാരി റെക്ടറായും തിരുവനന്തപുരം മേജര്‍ അതിഭദ്രാസന അജപാലന സമിതി വൈദിക സെക്രട്ടറിയും ശുശ്രൂഷ ചെയ്തിട്ടുള്ള നിയുക്ത മെത്രാന്‍ ഇപ്പോള്‍ മേജര്‍ അതിഭദ്രാസന ചാന്‍സലറായും സഭയുടെ മാസ്റ്റര്‍ ഓഫ് സെറിമണിസ് ആയും സേവനമനുഷ്ഠിച്ചു വരുന്നു.

 തിരുവനന്തപുരം മേജര്‍ മലങ്കര സെമിനാരിയില്‍ സഭാനിയമ അധ്യാപകനായി ശുശ്രൂഷ ചെയ്യുന്ന ബഹുമാനപ്പെട്ട അച്ചന് ഇംഗ്ലീഷ്, ഇറ്റാലിയന്‍, ജര്‍മ്മന്‍ ഭാഷകളില്‍ പ്രാവീണ്യമുണ്ട്. തിരുവനന്തപുരത്ത് മണ്ണന്തലയില്‍ വിശുദ്ധ ജോണ്‍ പോള്‍ മലങ്കര സുറിയാനി കത്തോലിക്ക ഇടവകയുടെയും ഉളിയാഴിത്തറ തിരുഹൃദയ ഇടവകയുടെയും വികാരിയായും മലങ്കര സഭയുടെ ദൈവ വിളി കമ്മീഷന്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു വരികെയാണ് പുതിയ നിയോഗം. 

പ്രഭാഷകനും ഗ്രന്ഥകാരനുമായ നിയുക്ത മെത്രാന്‍ തിരുവനന്തപുരം മേജര്‍ അതിഭദ്രാസനത്തിലെ കൊട്ടാരക്കര കിഴക്കേത്തെരുവ് മലങ്കര സുറിയാനി കത്തോലിക്കാ ഇടവാകാംഗമാണ്. അദ്ധ്യാപകനായ രാജീവ് ഏക സഹോദരനാണ്.

Advertisment