/sathyam/media/media_files/2025/09/13/pk-firos-kt-jaleel-2025-09-13-19-57-10.jpg)
മലപ്പുറം: മലയാളം സർവ്വകലാശാലയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പി.കെ ഫിറോസ്. 2019ൽ സർവ്വകലാശാലയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുത്തപ്പോൾ ഗുരുതര അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും നടന്നുവെന്നാണ് ഫിറോസിന്റെ ആരോപണം.
സർവ്വകലാശാലയ്ക്ക് വേണ്ടി ഏറ്റെടുത്തത് അതീവ പരിസ്ഥിതി ദുർബല പ്രദേശമാണെന്നും അത് സി.ആർ.ഇസഡ് - 3 -ല്‍പെടുന്ന സ്ഥലമാണെന്നും അവിടെ നിർമ്മാണം നടക്കില്ലെന്നും ഫിറോസ് വ്യക്തമാക്കുന്നു.
ഹബീബ് റഹ്മാൻ അഭയം, അബ്ദുൾ ജലീൽ പന്നിക്കണ്ടത്തിൽ, ജംഷീദ് റഫീഖ്, മുഹമ്മദ് കാസിം അഭയം, യാസിർ, അബ്ദുസലാം പന്നിക്കണ്ടത്തിൽ, ഇംജാസ് മുനവർ, അബ്ദുൾ ഗഫൂർ പന്നിക്കണ്ടത്തിൽ, മുഹമ്മദ് കാസിം എന്നിവരുടെ കയ്യിൽ നിന്നാണ് സർക്കാർ ഭൂമി ഏറ്റെടുത്തത്. ഇവരിൽ ചിലർ മന്ത്രി വി.അബ്ദുറഹിമാന്റെ സഹോദരന്റെ മക്കളാണ്.
ഇത് പരമ്പരാഗത ഭൂമിയല്ലെന്നും 2000 മുതൽ 40,000 രൂപ വരെ നൽകിയാണ് ഇവർ അന്ന് ഭൂമി വാങ്ങി കൂട്ടിയത്. അതിന് ശേഷം 1,60,000 രൂപയ്ക്ക് ഭൂമി കൈമാറുകയായിരുന്നു. ആകെ 17 കോടി 65 ലക്ഷം രൂപയാണ് സർക്കാർ ഭൂമിക്ക് കൊടുത്തത്.
സർക്കാരിന്റെ ന്യായവില പ്രകാരം ഒരു ആറിന് (രണ്ടര സെന്‍റിന്) 7500 രൂപയാണ് ഉണ്ടായിരുന്നത്. എന്നാൽ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വകുപ്പുകൾ എല്ലാം ലംഘിച്ചായിരുന്നു കച്ചവടം.
അന്ന് കേരളത്തിൽ ഉന്നത വിദസ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ടി ജലീലിന്റെ നേതൃത്വത്തിലാണ് ഇടപാടുകൾ നടന്നത്. ഭൂമി ഏറ്റെടുത്ത സമയത്ത് തന്നെ യൂത്ത് ലീഗ് ഇത് അതീവ ദുർബല പ്രദേശമാണെന്നും ഇവിടെ നിർമ്മാണം നടക്കില്ലെന്നും പറഞ്ഞതാണ്.
കണ്ടൽ കാടുകൾ ഒഴിവാക്കി ഏറ്റെടുത്തു എന്നായിരുന്നു അന്ന് ജലീൽ പറഞ്ഞത്. എന്നാൽ ചെന്നൈ ഗ്രീൻ ട്രിബ്യൂണൽ ഏർപ്പെടുത്തിയ സമിതി ഭൂരിഭാഗം ഭൂമിയും സി.ആർ.ഇസഡ്- 3ൽ പെടുന്നതാണെന്നും ഇത് നോൺ ഡവലപ്‌മെന്റ് സോണാണെന്നും കണ്ടെത്തിയിട്ടുണ്ട്.
2016ന്റെ തുടക്കത്തിലാണ് ഭൂമി ഇടനിലക്കാർ വാങ്ങിക്കൂട്ടിയത്. സർക്കാർ ഇത് ഏറ്റെടുത്തതോടെ അവരുടെ പണം വെളുപ്പിക്കാനുള്ള സാഹചര്യം സംസ്ഥാനം ഉണ്ടാക്കി കൊടുത്തുവെന്നും ഫിറോസ് ആരോപിച്ചു.
ഭൂമി ഇടപാടിൽ കെ ടി ജലീലിന് കമ്മീഷൻ ലഭിച്ചു. അത് അദ്ദേഹം നിഷേധിച്ചാൽ തെളിവുകൾ പുറത്തുവിടുമെന്നും ഫിറോസ് അറിയിച്ചു.