ഹജ്ജ് 2026: ഒന്നാം ഘട്ട പരിശീലന പരിപാടി പൊന്നാനിയിൽ വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം കെ സക്കീർ ഉദ്ഘാടനം ചെയ്തു

New Update
hajj training

പൊന്നാനി∶ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഹജ്ജ് 2026 തീർത്ഥാടകർക്കുള്ള ഒന്നാം ഘട്ട പരിശീലന പരിപാടി പൊന്നാനിയിൽ ആത്മീയോത്സാഹത്തോടെയും ഭക്തിനിറഞ്ഞ അന്തരീക്ഷത്തിലും അരങ്ങേറി. പൊന്നാനി - തവനൂർ മണ്ഡലതല ക്ലാസ്സാണ് പൊന്നാനി ഐ എസ് എസ് സ്കൂളിൽ അരങ്ങേറിയത്.

Advertisment

പരിപാടി വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ ഉദ്ഘാടനം ചെയ്തു. മനുഷ്യജീവിതത്തെ സഹനത്തിലേക്ക് നയിക്കുന്ന ഹജ്ജ് തീർത്ഥാടനം, അല്ലാഹുവിന്റെ അനന്താനുഗ്രഹം തേടിയുള്ള മഹത്തായ ഭക്തിപഥമാണെന്ന് വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ പറഞ്ഞു. 

അനുസരണത്തിന്റെയും ആത്മീയ നവീകരണത്തിന്റെയും വഴിയിലൂടെ മനുഷ്യജീവിതത്തെ  ഈശ്വര സമർപ്പണത്തിന്റെ വഴിയിലേക്ക് നയിക്കുന്ന മഹത്തായ അനുഭവമാണ് ഹജ്ജ് തീർത്ഥാടനം എന്ന് വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം കെ സക്കീർ പറഞ്ഞു. “ഹജ്ജ് യാത്ര, ഭൂമിയിലെ സാധാരണ സഞ്ചാരമോ സന്ദര്ശനമോ അല്ല. അത് ആത്മാവിനെ അല്ലാഹുവിനോടുള്ള വിധേയത്വത്തിൽ സ്ഫുടം ചെയ്‌തെടുക്കുന്ന ദിവ്യാനുഭവമാണ്": അദ്ദേഹം തുടർന്നു.

“ഹജ്ജ് വേളയിലെ ഓരോ നിമിഷവും മനുഷ്യഹൃദയത്തെ വിനയത്തിലേക്കും സഹനത്തിലേക്കും നയിക്കുന്നു. തീർത്ഥാടകർ, ആത്മാവിനെ ശുദ്ധീകരിച്ച് അല്ലാഹുവിനോട് അടുപ്പിക്കുന്ന യാത്രയ്ക്ക് ഭക്തിയോടെയും സമർപ്പണത്തോടെയും തയ്യാറാകണം” - പരിപാടിയിൽ അധ്യക്ഷത വഹിച്ചു കൊണ്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ മുൻ അംഗം ഹാജി മുഹമ്മദ് കാസിം കോയ ഉസ്താദ് പറഞ്ഞു.

hajj training-2

“ഫലസ്തീനിൽ നിരപരാധികളെ രക്തസാക്ഷികളാക്കി മാറ്റുന്ന ഇസ്രായേൽ ആക്രമണത്തിൽ മരിച്ചുപോയവർക്കും, രക്തം വാർന്നവർക്കും, അഭയാർഥികളായ ദുരിതബാധിതർക്കും വേണ്ടി നിങ്ങൾ പ്രാർത്ഥിക്കണം. ഹജ്ജിന്റെ മഹത്തായ സമയങ്ങളിൽ, ലോക സമാധാനത്തിനായി കരഞ്ഞ് പ്രാർത്ഥിക്കണം. കണ്ണീരോടും കരച്ചിലോടും കൂടിയ പ്രാർത്ഥനകളാണ് ഇന്നത്തെ മനുഷ്യരാശിക്ക് ആവശ്യം.”

പരിശീലനത്തിൽ ഹജ്ജ് യാത്രയുടെ ഘട്ടങ്ങൾ, ആരാധനാ ക്രമങ്ങൾ, സൗദി അറേബ്യയിലെ നിയമങ്ങൾ, ആരോഗ്യ–സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ ക്ലാസ്സുകളെടുത്തവർ വിശദീകരിച്ചു. ജില്ലാ ട്രെയിനർമാരായ മുജീബ് വടക്കേമണ്ണ, അമാനുള്ള മാഷ്, ജാഫർ, അലി മുഹമ്മദ്, അലി അഷ്കർ എന്നിവർ വിവിധ വിഷയങ്ങളിൽ പരിശീലനം നൽകി.

കഅബയെ ചുറ്റുന്ന ത്വവാഫ്, സഫാ–മർവാ സഈ, അറഫായിലെ വുകൂഫ്, മിനയിലെ ജമറത് എന്നിവയെല്ലാം ജീവിതത്തെ രക്ഷിതാവായ അല്ലാഹുവിനു സമർപ്പിക്കാൻ ഹൃദയത്തെ പാകപ്പെടുത്തിയെടുക്കുന്ന കർമാണങ്ങളാണെന്ന് പരിശീലകർ വ്യക്തമാക്കി. ആരാധനാ ക്രമങ്ങൾക്കൊപ്പം സൗദി അറേബ്യയിലെ നിയമങ്ങളും ആരോഗ്യ–സുരക്ഷാ മാർഗ്ഗനിർദേശങ്ങളും തീർത്ഥാടകർക്ക് പരിചയപ്പെടുത്തി.

ഹജ്ജ് കമ്മിറ്റി മെമ്പർ അഡ്വ. മെയ്തീൻ, അസിസ്റ്റന്റ് സെക്രട്ടറി ജഫർ കക്കേത്ത്, സിദ്ധിഖ് മൗലവി (ആയിലക്കാട്), ട്രെയിനർമാരായ അലി, മുഹമ്മദ് ബഷീർ, എ.പി.എം. നിസാർ, നൗഷാദ്, അലി അഷ്കർ എന്നിവർ സംസാരിച്ചു.

രണ്ട് മണ്ഡലങ്ങളിൽ നിന്നും അടുത്ത ഹജ്ജിൽ സംബന്ധിക്കുന്ന നിരവധി തീർത്ഥാടകർ പങ്കെടുത്ത പരിപാടി ആത്മീയവും പ്രായോഗികവുമായ മാർഗ്ഗനിർദേശങ്ങൾ നൽകുന്നതിൽ ഏറെ സഹായകരമായതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

Advertisment