/sathyam/media/media_files/2025/09/18/kanthapuram-at-ponnani-2025-09-18-18-00-30.jpg)
പൊന്നാനി: വർഷം തോറും പൊന്നാനിയിലെ അസ്സുഫാ ദർസ് സംഘടിപ്പിക്കാറുള്ള മലിക്കുൽ മുളഫർ മീലാദ് ശരീഫ് മജ്‍ലിസ് വെള്ളിയാഴ്ച ആരംഭിക്കും.
മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന മജ്‌ലിസിന്റെ ആദ്യ ദിവസം ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി പദവി അലങ്കരിക്കുന്ന സുന്നീ കേരളത്തിന്റെ ആത്മീയ നേതാവ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സംബന്ധിക്കും.
പൊന്നാനിയിലെത്തുന്ന കാന്തപുരം മുസ്ലിയാർക്ക് മജ്‍ലിസ് വേദിയിൽ വെച്ച് മലിക്കുൽ മുളഫർ അവാർഡ് സമ്മാനിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പതിനൊന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
ഫലസ്തീൻ ഐക്യദാർഢ്യ സംഗമം, ഒരു വര്ഷം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ കാമ്പയിൽ, സാംസ്കാരിക സമ്മേളനം, മദ്ഹുറസൂൽ പ്രഭാഷണം, വിവിധ പ്രകീർത്തന സദസ്സുകൾ, അന്നദാനം, റിലീഫ് വിതരണം, പ്രവർത്തക സംഗമം, വിവിധ വിദേശ പ്രതിനിധികളുടെ നേതൃത്വത്തിലുള്ള മൗലിദ് പാരായണം, ബഹുജന മീലാദ് മീറ്റ് തുടങ്ങിയ പരിപാടികൾ മീലാദ് മജ്‌ലിസിന്റെ ഭാഗമായി അരങ്ങേറും.
മീലാദ് മജ്‍ലിസ് വെള്ളിയാഴ്ച റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യും. പൊന്നാനി മഖ്‌ദൂം എം പി മുത്തുക്കോയ തങ്ങൾ അധ്യക്ഷനായിരിക്കും.
ശനിയാഴ്ച്ച അരങ്ങേറുന്ന വാർഷിക മദുഹുറസൂൽ പ്രഭാഷണം മാദിഹുറസൂൽ പകര ഉസ്താദ് നിർവഹിക്കും.
ഞായറാഴ്ചയിലെ സമാപന സമ്മേളനം കേരളം ഹജ്ജ് & വഖഫ് കാര്യ മന്ത്രി വി അബ്ദുറഹ്മാൻ ഉദ്‌ഘാടനം ചെയ്യും. സമാപന സമ്മേളത്തിന് നൂറുസ്സാദാത്ത് സയ്യിദ് ബായാർ തങ്ങൾ നേതൃത്വം നൽകും.
കേരളത്തിന്റെ പൈതൃക നഗരമായ പൊന്നാനിയിൽ രണ്ടു പതിറ്റാണ്ടു കാലമായി നടന്നു വരുന്ന വാർഷിക മലിക്കുൽ മുളഫർ മീലാദ് മജ്‌ലിസിൽ കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരങ്ങളാണ് ഒഴുകിയെത്താറ്.
വാർത്താ സമ്മേളനത്തിൽ അൽഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ ഹാജി, അബ്ദുസ്സമദ് നഈമി ചെന്ത്രാപ്പിന്നി, ശിഹാബ് പി ടി, നിസാർ പുതുപൊന്നാനി, റഷീദ് അസ്ഹരി, സയ്യിദ് അമീൻ തങ്ങൾ എന്നിവർ പങ്കെടുത്തു.