/sathyam/media/media_files/2025/10/17/lp-school-chelebra-2025-10-17-19-58-06.png)
മലപ്പുറം: ബസ് ഫീസ് അടക്കാൻ വൈകിയതിന്റെ പേരിൽ യുകെജി വിദ്യാർഥിയെ സ്‌കൂൾ ബസ്സിൽ കയറ്റാൻ പ്രധാന അധ്യാപിക അനുവദിച്ചില്ലെന്ന് പരാതി.
മലപ്പുറം ചേലേമ്പ്ര എഎൽപി സ്‌കൂളിലെ യുകെജി വിദ്യാർഥിയായ അഞ്ചു വയസ്സുകാരനെതിരെയാണ് സ്‌കൂളിന്റെ നടപടി.
സ്‌കൂൾ വാഹനത്തിൽ കയറാൻ ഒരുങ്ങിയ കുട്ടിയെ ബസിൽ കയറ്റരുതെന്ന് പ്രധാന അധ്യാപിക ഡ്രൈവർക്ക് നിർദേശം നൽകുയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. മറ്റു കുട്ടികൾക്കൊപ്പം സ്‌കൂൾ ബസ്സിൽ കയറാൻ എത്തിയ കുട്ടിയെ ബസിൽ കയറ്റാതെ വഴിയിൽ ഉപേക്ഷിച്ചു പോയെന്നാണ് പരാതി.
കൂടെയുണ്ടായിരുന്ന കുട്ടികൾ ബസ്സിൽ പോയതോടെ തനിച്ചായ കുട്ടി കരഞ്ഞു. ഇതോടെ ബന്ധു എത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.
സംഭവമായി ബന്ധപ്പെട്ട സ്‌കൂളിൽ പരാതിയുമായി എത്തിയ രക്ഷിതാവിനോട് സ്‌കൂൾ മാനേജർ മോശമായി പെരുമാറിയതായും കുടുംബം ആരോപിച്ചു.
തെറ്റുപറ്റിയെന്ന് മറ്റു അധ്യാപകരും സ്‌കൂൾ പിടിഎ ഭാരവാഹികൾ ഉൾപ്പെടെ പറഞ്ഞിട്ടും പ്രധാന അധ്യാപിക മാപ്പ് പറയാൻ പോലും തയ്യാറാകുന്നില്ലെന്ന് കുടുംബം പറയുന്നു.
മാനസിക പ്രയാസം മൂലം കുട്ടിക്ക് സ്‌കൂളിൽ പോകാൻ കഴിയാത്ത അവസ്ഥയാണ്. ഇനി ആ സ്‌കൂളിലേക്ക് കുട്ടിയെ പറഞ്ഞയക്കുന്നില്ലെന്നും കുടുംബം പറഞ്ഞു.
സംഭവത്തിൽ കുടുംബം വിദ്യാഭ്യാസ മന്ത്രിക്കും ബാലാവകാശ കമ്മീഷനും പൊലീസിലും പരാതി നൽകി.