/sathyam/media/media_files/2025/10/19/images-1280-x-960-px414-2025-10-19-10-18-21.jpg)
മലപ്പുറം: തുലാവർഷം ശക്തിപ്രാപിച്ചതോടെ വടക്കൻ ജില്ലകളിലും കനത്ത നാശം. മലപ്പുറം ജില്ലയുടെ മലയോര മേഖലയായ വഴിക്കടവ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി.
അന്തർ സംസ്ഥാന പാതയായ കെഎൻജി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മണിമൂളി മേഖലയിൽ റോഡിൽ വെള്ളക്കെട്ട് രൂപം കൊണ്ടതാണ് ഗതാഗതത്തെ ബാധിച്ചത്.
പ്രദേശത്തെ കാരക്കോടൻപുഴ, കലക്കൻപുഴ, അത്തിത്തോട് എന്നിവ കരകവിഞ്ഞൊഴുകിയതാണ് ദുരിതത്തിന് ഇടയാക്കിയത്. പൂവത്തിപ്പൊയിൽ, രണ്ടാംപാടം പ്രദേശങ്ങളിൽ അത്തിത്തോടിനു ചേർന്നുള്ള അൻപതോളം വീടുകളിൽ വെള്ളംകയറി.
ഏക്കർകണക്കിനു കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. പൂവത്തിപ്പൊയിൽ, രണ്ടാംപാടം, മൊടപൊയ്ക പ്രദേശങ്ങളിലാണ് കൂടുതൽ നാശനഷ്ടം ഉണ്ടായത്.
ഇന്നലെ വൈകീട്ടോടെയായിരുന്നു മേഖലയിൽ കനത്ത മഴ പെയ്തിറങ്ങിയത്. വൈകിട്ട് മൂന്നരയോടെ ആരംഭിച്ച മഴ മണിക്കൂറുകൾ തുടർന്നു. പൂവത്തിപ്പൊയിലിലെ കോഴിഫാമിൽ വെള്ളം കയറി 2,100ഓളം കോഴികൾ ചത്തു.
പുളിയക്കോടൻ കരീം എന്നയാളുടെ ഫാമിലാണ് സംഭവം. കീടത്ത് അബ്ദുൽ ലത്തീഫിന്റെ ചിപ്‌സ് യൂണിറ്റിൽ വെള്ളം കയറി ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായി. മരങ്ങൾ വീണും മറ്റും വീടുകൾക്ക് നാശം സംഭവിച്ചു. പൂവത്തിപ്പൊയിൽ ഡീസന്റ് കുന്ന് നഗറിലെ 20ഓളം വീടുകളിൽ വെള്ളം കെട്ട് തുടരുകയാണ്.