/sathyam/media/media_files/2025/09/22/kuwait-court-2025-09-22-00-12-36.png)
മലപ്പുറം: രോഗിയെ ചികിത്സിക്കുന്നതില്‍ വീഴ്ച വരുത്തിയ സ്വകാര്യ ആശുപത്രിയ്ക്കെതിരെ നടപടിയെടുത്ത് ഉപഭോക്തൃ കമ്മീഷന്‍. രോഗി പ്രമേഹബാധിതയാണെന്ന് മനസിലാക്കാതെയുള്ള ചികിത്സിച്ച, പരാതിക്കാരന്റെ ഉമ്മയുടെ മരണത്തിന് കാരണമായതിനെ തുടർന്ന് ആശുപത്രി അഞ്ച് ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു.
രാത്രി വീട്ടില്‍ വീണ് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഉമ്മയെ പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എക്‌സറേ എടുത്ത ശേഷം കുഴപ്പമില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയും ചെയ്തു.
രണ്ട് ദിവസത്തിന് ശേഷം വേദനയ്ക്ക് കുറവില്ലാത്തതിനാല്‍ വീണ്ടും ആശുപത്രിയിലെത്തിച്ചു. തുടര്‍ന്നുള്ള പരിശോധനയില്‍ തുടയെല്ല് പൊട്ടിയതായി കണ്ടെത്തി. ഉടന്‍ അഡ്മിറ്റ് ചെയ്ത് കാനുല വഴി മരുന്നു നല്‍കി.
രണ്ട് ദിവസത്തിനകം കാനുല വെച്ച കൈ പൂര്‍ണമായും പഴുത്തതിനെ തുടര്‍ന്ന് രക്തം പരിശോധിച്ചപ്പോഴാണ് രോഗി പ്രമേഹ ബാധിതയാണെന്ന് കണ്ടെത്തുന്നത്. ഓപ്പറേഷന്‍ വഴി പഴുപ്പ് ബാധിച്ചത് നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
പത്തുദിവസം ആശുപത്രിയിലെ കിടത്തി ചികിത്സ ഫലം കണാത്തതിനാല്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ചികിത്സക്ക് ശേഷം ഡിസ്ചാര്‍ജ്ജ് ചെയ്‌തെങ്കിലും ഒരു മാസത്തിന് ശേഷം രോഗി മരണപ്പെട്ടു.
തുടര്‍ന്നാണ് ചികിത്സാ വീഴ്ചക്കെതിരെ ഉപഭോക്തൃ കമീഷനില്‍ പരാതി നല്‍കിയത്. പരാതിക്കാരന് പുറമെ രണ്ട് ഡോക്ടര്‍മാരെയും വിസ്തരിച്ചു. പ്രമേഹബാധിതയാണ് രോഗിയെന്ന് മനസിലാക്കാതെയുള്ള ചികിത്സയും അശ്രദ്ധയും കമീഷന്‍ കണ്ടെത്തി.
മരണകാരണം ചികിത്സാ പിഴവായിരുന്നില്ലെങ്കിലും രോഗിയെ മരണത്തോടടുപ്പിക്കാന്‍ ചികിത്സ നിമിത്തമായെന്ന് കമീഷന്‍ വിധിയില്‍ പറഞ്ഞു.
ചികിത്സാ ചെലവ് 1,73,736 രൂപയും നഷ്ടപരിഹാരമായി മൂന്ന് ലക്ഷം രൂപയും കോടതി ചെലവായി 20,000 രൂപയും ഉൾപ്പെടെ ആകെ 493,736 രൂപ ഒരു മാസത്തിനകം ഹർജിക്കാരന് നല്‍കാന്‍ കെ മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമീഷന്‍ വിധിച്ചു. വീഴ്ച വന്നാല്‍ ഒമ്പത് ശതമാനം പലിശയും നല്‍കണമെന്നാണ് ഉത്തരവ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us