മലപ്പുറം: നിപ ബാധിച്ച് യുവാവ് മരിച്ച സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ അതീവ ജാഗ്രത. തിരുവാലി പഞ്ചായത്തിൽ നാല് വാർഡുകളും മമ്പാട് പഞ്ചായത്തിലെ ഒരു വാർഡും കണ്ടെയ്ൻമെൻ്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.
നിലവിൽ 4 പേർ നിപ ലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ ഉണ്ടെങ്കിലും ആശപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്. ഇന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ജാഗ്രതാ നടപടികൾ വിലയിരുത്തും.
തിരുവാലി പഞ്ചായത്തിലെ 4 മുതൽ ഏഴ് വരെയുള്ള വാർഡുകളും മമ്പാട് പഞ്ചായത്തിലെ ഏഴാം വാർഡുമാണ് കണ്ടെയ്ൻമെന്റ് സോണായി തീരുമാനിച്ചിരിക്കുന്നത്. മേഖലയിൽ പ്രോട്ടോകോൾ പ്രകാരം നിയന്ത്രണങ്ങളുണ്ടാകും. തിരുവാലി പഞ്ചായത്തിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. നിലവിൽ 151 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ലക്ഷണങ്ങൾ പ്രകടിപ്പിച്ചവർ ആശുപത്രിയിലാണ്.
കഴിഞ്ഞയാഴ്ചയാണ് 24കാരൻ മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് നിപ വൈറസ് ബാധയുണ്ടെന്ന സംശയം രൂപപ്പെട്ടത്. ഒടുവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ഫലം പോസിറ്റീവാകുകയായിരുന്നു. ഇന്നലെ പൂനെ വൈറോളജി ലാബും നിപ വൈറസ് സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യവകുപ്പിന്റെ നടപടി.