മലപ്പുറം: മണൽ കടത്തുന്ന വീഡിയോ ചിത്രീകരിച്ച ശേഷം റീൽസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത മണൽ മാഫിയാസംഘത്തിലെ ഏഴുപേർ അറസ്റ്റിൽ. മമ്പാട് ഓടായിക്കൽ സ്വദേശികളായ മറ്റത്ത് ഷാമിൽ ഷാൻ (21), കാട്ടുമുണ്ട സ്വദേശികളായ വലിയതൊടിക മർവാൻ (20), പുളിക്കൽ അമീൻ (19), വടപുറം സ്വദേശികളായ ചേകരാറ്റിൽ അൽത്താഫ് (22), ചേകരാറ്റിൽ മുഹമ്മദ് സവാദ് (22), കണ്ണംതൊടിക അബ്ദുൾ മജീദ് (34), കരിമഠത്തിൽ സഹീർ (23) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 22-ാം തീയതി പുലർച്ചെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
ഇൻസ്പെക്ടർ മനോജ് പറയട്ടയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഷാമിൽഷാന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ടിപ്പർ ലോറി. പുള്ളിപ്പാടം കടവിൽനിന്നാണ് അനധികൃതമായി മണൽ കടത്തിക്കൊണ്ടു പോയത്. പോകുന്ന വഴിക്ക് പാലത്തിൽവെച്ചും നിലമ്പൂർ പൊലീസ് സ്റ്റേഷന് മുൻപിൽവെച്ചുമാണ് വീഡിയോ ചിത്രീകരിച്ചത്. വീഡിയോ ചിത്രീകരിക്കുന്ന സമയം വാഹനയുടമയായ ഷാമിൽ ഷാനും ലോറിയിൽ ഉണ്ടായിരുന്നു. അൽത്താഫ്, സവാദ്, മജീദ്, സഹീർ എന്നിവർ ബൈക്കിലാണ് വന്നത്. വഴിയിൽ പൊലീസുണ്ടെങ്കിൽ മുന്നറിയിപ്പ് നൽകാനായി ലോറിക്ക് എസ്‌കോർട്ടായി പോവുകയായിരുന്നു.
മണൽക്കടത്ത് ലോറിയിൽ ക്ലീനറായി പോകുകയായിരുന്ന ബിരുദവിദ്യാർഥിയായ അമീൻ ഓടായിക്കലാണ് വീഡിയോ ചിത്രീകരിച്ചത്. വീഡിയോ പിന്നീട് സിനിമാ ഡയലോഗുകൾ കൂടി ചേർത്ത് റീൽസാക്കി മാറ്റുകയായിരുന്നു. ശേഷം ഷാമിൽ ഷാന്റെ വണ്ടി ഭ്രാന്തൻ കെഎൽ 71 എന്ന അക്കൗണ്ടുമായി ടാഗ് ചെയ്ത് അമീന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. റീൽസ് വിവാദമായതോടെ ഇത് ഇൻസ്റ്റഗ്രാം പേജിൽനിന്ന് നീക്കംചെയ്തിട്ടുണ്ട്.