മലപ്പുറം പുത്തനത്താണിയിൽ കോൺക്രീറ്റ് മിക്സർ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. മന്ദലാംകുന്ന് സെൻററിനു സമീപം പരേതനായ കൂളിയാട്ട് മൊയ്തുണ്ണിയുടെ മകൻ ശിഹാബാണ് (42) മരിച്ചത്. ഞായറാഴ്ച്ച രാത്രി 8.30 ഓടെ പുത്തനത്താണിക്കടുത്താണ് അപകടം .
കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലുള്ള ബന്ധുവിനെ കാണാൻ ഭാര്യ ഹൈറുന്നീസയുമായി ബൈക്കിൽ പോകുകയായിരുന്നു.
ദേശീയ പാതയുടെ സർവീസ് റോഡിൽ എതിരെ വന്ന റെഡി മിക്സർ ലോറിയിൽ നേർക്ക് നേരേ ഇടിക്കുകയായിരുന്നു. ദേശീയ പാതയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനമാണിതെന്ന് കരുതുന്നു. ബൈക്ക് അൽപദൂരം വലിച്ചു കൊണ്ട് പോയ വാഹനം ശിഹാബിന്റെ ശരീരത്തിൽ കയറിയിറങ്ങിയതിനെ തുടർന്ന് തൽക്ഷണം മരിച്ചു.
ഇടിയുടെ ആഘാതത്തിൽ ഹൈറുന്നിസ റോഡിൽ തെറിച്ച് വീണെങ്കിലും പരിക്കൊന്നുമില്ലാതെ രക്ഷപെട്ടു. ശിഹാബ് ഇലക്ട്രിഷ്യനാണ്. ഫാത്തിമയാണ് ശിഹാബിൻ്റെ മാതാവ്. മക്കൾ: മുസ്ലിഹ്, മുഹ്സിൻ.
സഹോദരങ്ങൾ: നിയാസ്, ഫെബിന. ഖബറടക്കം തിങ്കളാഴ്ച്ച വൈകുന്നേരം മന്ദലാംകുന്ന് ജുമ മസ്ജിദ് ഖബർസ്ഥാനിൽ.