നിപ; മലപ്പുറത്ത് നിയന്ത്രണം കടുപ്പിക്കുന്നു; മാസ്‌ക് നിര്‍ബന്ധമാക്കി, കൺട്രോൾ റൂം തുറന്നു

നിപ രോഗലക്ഷണങ്ങളുള്ള 10 പേരുടെ സാംപിള്‍ ആരോഗ്യവകുപ്പ് ശേഖരിച്ചു

New Update
nipha

മലപ്പുറം: നിപ ബാധിച്ച് 24 കാരൻ മരിച്ചതോടെ മലപ്പുറത്ത് നിയന്ത്രണം കടുപ്പിച്ച് ആ​രോ​ഗ്യവകുപ്പ്. നിപ രോഗലക്ഷണങ്ങളുള്ള 10 പേരുടെ സാംപിള്‍ ആരോഗ്യവകുപ്പ് ശേഖരിച്ചു. ഇത് കോഴിക്കോട്ടെ ലാബില്‍ പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിപ സ്ഥിരീകരിച്ചതിനു പിന്നാലെ ബംഗളൂരുവിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മരിച്ച വിദ്യാര്‍ത്ഥിയുമായും, രോഗലക്ഷണങ്ങള്‍ സംശയിക്കുന്നവരുമായെല്ലാം സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനുള്ള പരിശോധന ആരോഗ്യവകുപ്പ് തുടങ്ങിയിട്ടുണ്ട്. 

Advertisment

ജില്ലയിൽ മാസ്‌ക് നിര്‍ബന്ധമാക്കി. പൊതു ജനങ്ങള്‍ കൂട്ടംകൂടാന്‍ പാടില്ല. തിയേറ്ററുകള്‍ അടച്ചിടണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കി. വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് 7 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്.

തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാര്‍ഡുകളിലും മമ്പാട്ടെ എഴാം വാര്‍ഡിലുമാണ് നിയന്ത്രണം കടുപ്പിച്ചത്. ട്യൂഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഓണാവധി ആയതിനാല്‍ സ്‌കൂളുകള്‍, അങ്കണവാടികള്‍ തുടങ്ങിയ പ്രവര്‍ത്തിക്കാത്തത് ആശ്വാസകരമാണ്.

Advertisment