തിരൂർ: ജി.പി.എസ് സംവിധാനം ഉപയോഗിച്ച് മയക്കുമരുന്ന് കടത്തിയ രണ്ട് യുവാക്കളെ എക്സൈസ് സംഘം തിരൂരിൽ പിടികൂടി. തിരൂർ കാടാമ്പുഴ തട്ടാംപറമ്പ് ഭാഗത്ത് വെട്ടിക്കാടൻ സാലിഹ് (35), കരേക്കോട് കാടാമ്പുഴ മാൽദാരി അബ്ദൂൽ ഖാദർ (38) എന്നിവരാണ് അറസ്റ്റിലായത്.
സാലിഹ് ബംഗളൂരുവിൽ നിന്ന് രണ്ടാം പ്രതി അബ്ദുൽ ഖാദറിന്റെ പേരിൽ ലഹരി വസ്തുക്കൾ ലക്ഷ്വറി ബസിൽ പാഴ്സൽ മാർഗം തിരൂരിലേക്ക് അയക്കുകയായിരുന്നു. സാലിഹ് മറ്റൊരു ബസിൽ തിരൂരിലെത്തി. അബ്ദുൽ ഖാദറിനോട് പാഴ്സൽ കൈപ്പറ്റി രാത്രി വൈകി തന്റെ വീട്ടിൽ എത്തിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
പ്രതികളുടെ നീക്കം മനസ്സിലാക്കിയ മാനന്തവാടി എക്സൈസ് ടീം എക്സൈസ് ഇൻസ്പെക്ടർ കെ. ശശിയുടെ നേതൃത്വത്തിൽ രാത്രിയോടെ തിരൂരിൽ എത്തുകയും തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. അജയന്റെ നേതൃത്വത്തിലുള്ള തിരൂർ എക്സൈസ് സർക്കിൾ, റേഞ്ച് ടീമുകൾ ചേർന്ന് പ്രതികളുടെ വീട് വളഞ്ഞ് സാഹസികമായി കീഴടക്കുകയായിരുന്നു.