മലപ്പുറം: സ്ത്രീ-പുരുഷ തുല്യതയെ അംഗീകരിക്കുന്നില്ലെന്ന് മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. സ്ത്രീ പുരുഷ തുല്യതയല്ല, ലിംഗ നീതിയാണ് ലീഗിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
പ്രായോഗികമല്ലാത്ത, മനുഷ്യൻ്റെ യുക്തിക്ക് എതിരായ വാദങ്ങൾ സമൂഹത്തിൽ കയ്യടി കിട്ടാൻ എന്തിനാണ് കൊണ്ടുവരുന്നതെന്നും അദ്ദേഹം ചോദിച്ചു. മലപ്പുറം എടക്കരയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് സലാമിൻറെ വിവാദ പരാമർശമുണ്ടായത്.
ഒളിംപിക്സിൽ പോലും സ്ത്രീകൾക്ക് വേറെ മത്സരമാണ്. ബസിൽ പ്രത്യേക സീറ്റുകളാണ്. സ്കൂളിൽ പോലും ഇരിക്കുന്നത് ഒരേ ബെഞ്ചിലാണോ. വേറേയല്ലേ? ഇതതൊക്കെയുള്ളത് രണ്ടും വ്യത്യസ്തമായത് കൊണ്ടല്ലേയെന്നും അദ്ദേഹം ചോദിച്ചു.
ഞങ്ങൾ തുല്യതയല്ല പറയുന്നത്. ജെൻഡർ ഈക്വലാറ്റിയല്ല വേണ്ടത് ജെൻഡർ ജസ്റ്റിസ് ആണ്. സ്ത്രീക്കും പുരുഷനും നീതിയിൽ ഭിന്നതയുണ്ടാവാൻ പാടില്ല. നിങ്ങളൊക്കെ എത്ര പഴഞ്ചനാണെന്ന് പറഞ്ഞാലും പ്രകൃതിപരമായ അഭിപ്രായത്തിൽ നിന്ന് മാറാൻ ലീഗ് തയ്യാറാല്ല' സലാം പറഞ്ഞു.