മലപ്പുറം: പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന മലയോര സമരയാത്ര ഇന്ന് മലപ്പുറം ജില്ലയിൽ. ജാഥയിൽ തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോഓർഡിനേറ്റർ പിവി അൻവർ പങ്കെടുക്കും.
ഇന്ന് യാത്ര ജില്ലയിലെത്തുമ്പോൾ സ്വീകരണച്ചടങ്ങിലാണ് അൻവർ പങ്കെടുക്കുക. അൻവറിന് യുഡിഎഫിന്റെ മലയോര ജാഥയിൽ പങ്കെടുക്കാമെന്ന് പ്രതിപക്ഷ നേതാവാണ് അറിയിച്ചത്.
ഘടകകക്ഷി നേതാക്കളുമായി സംസാരിച്ച ശേഷം പ്രതിപക്ഷനേതാവാണ് തീരുമാനം അറിയിച്ചത്. എടക്കരയിലെയും കരുവാരക്കുണ്ടിലെയും യോഗങ്ങളിൽ ആണ് അൻവർ പങ്കെടുക്കുന്നത്.
കഴിഞ്ഞ ദിവസം പിവി അൻവർ പ്രതിപക്ഷ നേതാവിനെ നേരിൽ കണ്ട് ജാഥയിൽ സഹകരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പരിപാടിയിലേക്ക് ക്ഷണം ലഭിച്ചത്. പിവി അൻവർ യുഡിഎഫ് പ്രവേശനം കാത്തിരിക്കെയാണ് ജാഥയുടെ ഭാഗം ആകുന്നത് എന്നതാണ് ശ്രദ്ധേയം.
അതേസമയം മലയോര സമരയാത്രയിൽ പങ്കെടുക്കാൻ അൻവറിനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കിയത്.
എന്നാൽ, ഇതിൽ ആർക്കുവേണമെങ്കിലും പങ്കെടുക്കാമെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.