മലപ്പുറം: ബസ് ജീവനക്കാരുടെ മർദനത്തിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പോസ്റ്റ്‍മോർട്ടത്തിലെ പ്രാഥമിക വിവരങ്ങൾ പുറത്ത്.
മർദനത്തിൽ പരിക്കേറ്റ അബ്ദുൽ ലത്തീഫ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോൾ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് അബ്ദുൾ ലത്തീഫിൻറെ മരണകാരണമെന്നാണ് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്.
മർദനമേറ്റ് ടെൻഷൻ കൂടിയത് ഹൃദയാഘാതത്തിന് കാരണമായെന്നും റിപ്പോർട്ടിലുണ്ട്. പ്രതികൾക്കെതിരെ നരഹത്യാവകുപ്പ് പ്രകാരം പൊലീസ് കേസെടുക്കും. രാവിലെ 10 മണിയോടെ മലപ്പുറം വടക്കേമണ്ണയിൽ വെച്ചാണ് അബ്ദുൽ ലത്തീഫിന് മർദനമേറ്റത്.
തിരൂർ മഞ്ചേരി റൂട്ടിൽ ഓടുന്ന പിടിബി ബസിലെ ജീവനക്കാരാണ് അബ്ദുൾ ലത്തീഫിനെ ക്രൂരമർദനത്തിന് ഇരയാക്കിയത്. സ്ഥലത്തെ ബസ് സ്റ്റോപ്പിൽ നിന്ന് രണ്ട് യാത്രക്കാരികളെ ഓട്ടോറിക്ഷയിൽ കയറ്റിയതാണ് ബസ് ജീവനക്കാരെ പ്രകോപിപ്പിച്ചത്.