/sathyam/media/media_files/2025/03/15/3mr8251QcONwyT49CT3v.jpg)
മലപ്പുറം: പ്രശസ്ത ഇൻസ്റ്റ​ഗ്രാം താരവും വ്ലോഗറുമായ ജുനൈദ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ അസ്വാഭാവികത ഉണ്ടോയെന്ന് കണ്ടെത്താൻ മഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
അപകടത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും. ജുനൈദ് അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നുവെന്ന് പൊലീസ് കൺട്രോൾ റൂമിലേക്ക് ഒരാൾ വിളിച്ച് അറിയിച്ചിരുന്നു.
ഇയാളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. മരണത്തിൽ ജുനൈദിന്റെ കുടുംബം പരാതി നൽകിയിട്ടില്ല.
വെള്ളിയാഴ്ച വൈകിട്ട് 5.20ഓടെയാണ് അപകടം സംഭവിച്ചത്. മഞ്ചേരിയിൽ നിന്ന് വഴിക്കടവ് ഭാഗത്തേക്ക് വരുമ്പോഴായിരുന്നു അപകടം.
മഞ്ചേരി തൃക്കലങ്ങോട് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് നിഗമനം.
റോഡരികിൽ രക്തം വാർന്ന നിലയിൽ കിടക്കുന്ന ജുനൈദിനെ ബസ് ജീവനക്കാരാണ് ആദ്യം കണ്ടത്.
മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്താണ് പരിക്കേറ്റതെന്ന് പൊലീസ് പറഞ്ഞു.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ജുനൈദിനെ നേരത്തെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us