പാരമ്പര്യവൈദ്യൻ ഷാബാ ഷെരീഫ് വധക്കേസ്; ഒന്നാം പ്രതി ഷൈബിൻ അഷ്റഫിന് 11 വർഷവും ഒൻപത് മാസവും തടവ്

മഞ്ചേരി അഡീഷണൽ സെക്ഷൻസ് കോടതിയാണ് ഷാബാ ഷെരീഫ് വധക്കേസിൽ ശിക്ഷാ വിധി പ്രസ്താവിച്ചത്. 

New Update
manjery murder case

മലപ്പുറം: പാരമ്പര്യവൈദ്യൻ ഷാബാ ഷെരീഫ് വധക്കേസിൽ ഒന്നാം പ്രതി ഷൈബിൻ അഷ്റഫിന് 11 വർഷവും ഒൻപത് മാസവും തടവ് ശിക്ഷ വിധിച്ച് കോടതി. 

Advertisment

രണ്ടാം പ്രതി ശിഹാബുദ്ദീന് ആറ് വർഷം, ഒൻപത് മാസം തടവ്, ആറാം പ്രതി നിഷാദിന് മൂന്ന് വർഷവും ഒൻപത് മാസവും തടവ് എന്നിങ്ങനെയാണ് ശിക്ഷ ലഭിച്ചത്. 


മഞ്ചേരി അഡീഷണൽ സെക്ഷൻസ് കോടതിയാണ് ഷാബാ ഷെരീഫ് വധക്കേസിൽ ശിക്ഷാ വിധി പ്രസ്താവിച്ചത്. 


പ്രതികൾ പിഴയും ഒടുക്കണം. ഇവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ കോടതി കണ്ടെത്തിയിരുന്നു. ഒൻപത് പ്രതികളെ വെറുതെവിട്ടിരുന്നു.

2019 ആഗസ്റ്റ് ഒന്നിനാണ് കേസിനാസ്പദമായ കൃത്യം തുടങ്ങുന്നത്. പാരമ്പര്യ വൈദ്യനായ മൈസൂരു സ്വദേശി ഷാബാ ഷെരീഫിനെ ചികിത്സയ്ക്കെന്ന് പറഞ്ഞ് ഒന്നാം പ്രതി ഷൈബിൻ അഷ്‌റഫും കൂട്ടാളിയും വീട്ടിൽ നിന്ന് വിളിച്ചിറക്കുന്നു. 


മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം ചോർത്തനായിരുന്നു ലക്ഷ്യം. 


ഇതിനായി ഒന്നര വർഷത്തിൽ അധികം ഷൈബിന്റെ നിലമ്പൂർ മുക്കട്ടയിലെ വീട്ടിൽ ഷാബാ ഷെരീഫിനെ തടവിൽ പാർപ്പിക്കുന്നു. രഹസ്യം വെളിപ്പെടുത്താതിരുന്നതോടെ ക്രൂരമർദനം തുടർന്നു.

മർദനത്തിനിടെ 2020 ഒക്ടോബർ എട്ടിന് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടു. കൊലപാതകവുമായി ബന്ധപ്പെട്ട് ചെറിയ തെളിവുകൾ ഷൈബിന്റെ വീട്ടിൽനിന്ന് ലഭിച്ചിരുന്നു. 


എങ്കിലും മൃതദേഹം തള്ളിയതായി പ്രതികൾ മൊഴിനൽകിയ ചാലിയാർ പുഴയിൽ എടവണ്ണ സീതിഹാജി പാലത്തിനുസമീപം തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. 


ഷൈബിൻ ഉപയോഗിച്ച കാറിൽനിന്നു ലഭിച്ച മുടി ഷാബാ ഷെരീഫിന്റേതാണെന്ന ഡി.എൻ.എ. പരിശോധനാഫലമാണ് കേസിൽ നിർണായകമായത്.

ഒപ്പം മാപ്പുസാക്ഷിയാക്കപ്പെട്ട ഏഴാം പ്രതിയായിരുന്ന സുൽത്താൻ ബത്തേരി കൈപ്പഞ്ചേരി തങ്ങളകത്ത് നൗഷാദ് എന്ന മോനുവിൻറെ സാക്ഷി മൊഴികളും പ്രോസിക്യൂഷന് പിടിവള്ളിയായി. 


കേസിൽ ആകെ 13 പ്രതികൾക്കെതിരെയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നത്. 


പിടികൂടാനുണ്ടായിരുന്ന രണ്ട് പ്രതികളിൽ ഒരാളായ ഫാസിൽ ഗോവയിൽ വെച്ച് മരിച്ചു. മറ്റൊരു പ്രതി ഷമീം ഇപ്പോഴും ഒളിവിലാണ്.

Advertisment