മലപ്പുറം: മുനമ്പം വിഷയം വഖഫ് ബില്ലിലൂടെ പരിഹരിക്കുമെന്ന ബി.ജെ.പിയുടെ പ്രചാരണത്തെ പൊളിച്ചു കാട്ടാൻ മുസ്ലീം ലീഗ്. വിഷയത്തിൽ ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരുമായി ചർച്ചയ്ക്ക് ലീഗ് ഒരുങ്ങുന്നു. മുമ്പത്തെ താമസക്കാർക്കൊപ്പമാണ് തങ്ങളെന്ന ലീഗടക്കമുള്ള പാർട്ടികൾ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.
സമരത്തെ വഖഫ് ബില്ലിലൂടെ വിജയിപ്പിക്കാമെന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ മുതലെടുപ്പിനുള്ള പ്രചാരണം മാത്രമാണെന്ന വസ്തുത സഭാ മേലദ്ധ്യക്ഷൻമാരെ ധരിപ്പിക്കാനും ലീഗ് നേതൃത്വത്തിൽ ധാരണയായിട്ടുണ്ട്. കേരളത്തിൽ ബി.ജെ.പിയുടെ രാഷ്ട്രീയ മുതലെടുപ്പിന് വഴിയൊരുക്കരുതെന്ന നിർദ്ദേശവും ചർച്ചയിലുയർന്നേക്കും.
ബില്ലിന്റെ പരിധിയിൽ വരുന്ന കാര്യങ്ങൾക്ക് മുൻകാല പ്രാബല്യമില്ലാത്തതിനാൽ തന്നെ സമരം ഒത്തുതീർക്കാൻ ബില്ല് പര്യാപ്തമല്ലെന്ന വാദത്തിലാണ് ലീഗും യു.ഡി.എഫും ഉറച്ച് നിൽക്കുന്നത്. ഇക്കാര്യങ്ങളും വിശദമായി കൂടിക്കാഴ്ച്ചയിൽ ചർച്ച ചെയ്യപ്പെട്ടേക്കും.
ഒരുവട്ടം ലീഗ് നേതൃത്വവും സഭാമേലധ്യക്ഷൻമാരുമായി നടന്ന ചർച്ചകൾ ഫലപ്രദമായിരുന്നു. എന്നാൽ അതിനെ തുരങ്കം വെയ്ക്കുന്ന തരത്തിലുള്ള സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളാണ് സഭയെ വീണ്ടും ബി.ജെ.പിയിലേക്ക് എത്തിച്ചത്.
അതിന്റെ ഭാഗമായി കെ.സി.ബി.സിയും സി.ബി.സി.ഐയും വഖഫ് ബില്ലിൽ നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. കേരളത്തിൽ നിന്നുള്ള എല്ലാ എം.പിമാരും വഖഫ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്നുള്ള നിർദ്ദേശവും രണ്ട് സംഘടനകളും നൽകിയിരുന്നു.
ഇതിന് ശേഷം കോൺഗ്രസ് നേതൃത്വം കെ.സി.ബി.സിയുമായും വിവിധ മതമേലദ്ധ്യക്ഷമാരുമായും ആശയവിനിമയം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം പരിഹരിക്കാൻ ലീഗിന്റെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ ചർച്ചകൾ തുടങ്ങാനിരിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള വഖഫ് ബോർഡാണ് കാര്യങ്ങളെ ഇത്രമേൽ സങ്കീർണ്ണമാക്കിയതെന്നും യു.ഡി.എഫ് വിലയിരുത്തുന്നുണ്ട്. കേന്ദ്രം കൊണ്ടുവന്ന വഖഫ് ബില്ലിലൂടെ സംസ്ഥാനത്തെ ന്യൂനപക്ഷങ്ങൾ വിഭജിക്കപ്പെട്ടാൽ അതിന്റെ പരോക്ഷ ഗുണം തങ്ങൾക്ക് ലഭിക്കുമെന്ന സി.പി.എമ്മിന്റെ സങ്കുചിത രാഷ്ട്രീയചിന്തയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നും ആരോപണമുണ്ട്.
വി.എസ് സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന നിസാർ കമ്മീഷൻ കണ്ടെത്തലുകളാണ് മുനമ്പം വിഷയം സങ്കീർണ്ണമാക്കിയത്. ഭൂമി വഖഫാണെന്നായിരുന്നു അവരുടെ കണ്ടെത്തൽ. എന്നാൽ വഖഫ് ഭൂമി വിൽപ്പന നടത്തിയതോടെ അതിന്മേലുള്ള അവകാശം സ്വാഭാവികമായും ഇല്ലാതായെന്ന നിരീക്ഷണവും നിലനിൽക്കുന്നുണ്ട്.
അതുകൊണ്ട് തന്നെ ചർച്ചകളിലൂടെ അതിലെ നെല്ലും പതിരും തിരിച്ച് മുനമ്പം നിവാസികൾക്ക് അനുകൂലമായ തീരുമാനം ഉരിത്തിരിഞ്ഞു വരത്തക്ക രീതിയിൽ തീരുമാനമുണ്ടാക്കാനാണ് ലീഗിന്റെ ശ്രമം.