പൊതുവഴിയില്‍ നിര്‍ത്തി വസ്ത്രാക്ഷേപം നടത്തി മുഖത്ത് ചെളിവാരിയെറിയുന്നു.ഇനി കാലുപിടിക്കാനില്ല. കോണ്‍ഗ്രസിനെതിരെ അന്‍വര്‍

വനഭേദഗതി ബില്‍ അടക്കം സര്‍ക്കാരില്‍ നിന്നും ജനങ്ങള്‍ക്കെതിരായ നടപടികള്‍ ഉയര്‍ത്തിക്കാട്ടിയാണ് താന്‍ രാജിവെച്ചത്.

New Update
pv anwar 3

മലപ്പുറം: കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍ .

Advertisment

നിരന്തരം അവഗണന തുടരുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസിനെ ഘടകകക്ഷി ആക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിന് കത്തു നല്‍കിയിട്ട് നാലുമാസമായി. ഇതുവരെ തീരുമാനമായില്ല.

കാലു പിടിക്കുമ്പോള്‍ മുഖത്ത് ചവിട്ടുകയാണ്. ഇനി കാലുപിടിക്കാനില്ലെന്ന് പി വി അന്‍വര്‍ പറഞ്ഞു. താന്‍ അഹങ്കാരിയാണെന്ന പ്രചാരണം നടക്കുന്നു.

അന്‍വര്‍ അധികപ്രസംഗിയാണെന്നാണ് പറയുന്നത്. എവിടെയാണ് താന്‍ അധികപ്രസംഗം നടത്തിയതെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

യുഡിഎഫ് ഘടകകക്ഷിയാക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം 15 ന് പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി ചര്‍ച്ച നടത്തിയിരുന്നു.

ഇക്കാര്യത്തില്‍ രണ്ടു ദിവസത്തിനകം വാര്‍ത്താസമ്മേളനം നടത്തി യുഡിഎഫ് അംഗത്വത്തില്‍ തീരുമാനം പ്രഖ്യാപിക്കുമെന്ന് വിഡി സതീശന്‍ തന്നോട് പറഞ്ഞതാണ്.

പിന്നീട് ഇക്കാര്യത്തില്‍ ഒരു വിവരവുമില്ല. വാര്‍ത്താക്കുറിപ്പ് ഇറക്കിയാല്‍ പോരെയെന്ന് ചോദിച്ചപ്പോള്‍, പോരാ വാര്‍ത്താസമ്മേളനം നടത്തി തന്നെ പ്രഖ്യാപിക്കണമെന്നാണ് വിഡി സതീശന്‍ അന്നു പറഞ്ഞത്.

വിഡി സതീശന്‍ അത് ചെയ്യാത്തതല്ലേ പ്രശ്‌നം. യുഡിഎഫ് പ്രവേശനത്തിന് മുന്‍കൈയെടുത്തത് പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയുമാണ്. എന്നാല്‍ ഇതുവരെ ഒരു തീരുമാനവും അറിയിച്ചിട്ടില്ലെന്ന് അന്‍വര്‍ പറഞ്ഞു.

'ഇപ്പോള്‍ എന്നെ പൊതുവഴിയില്‍ നിര്‍ത്തി വസ്ത്രാക്ഷേപം നടത്തി മുഖത്ത് ചെളിവാരിയെറിയുകയാണ്.

ഇന്നലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതൃത്വവും എന്നെ ദയാവധത്തിന് വിട്ടിരിക്കുകയാണ്. എന്തു തെറ്റാണ് ഞാന്‍ ചെയ്തത്.

സുജിത് ദാസും എംആര്‍ അജിത് കുമാറും കൂടി മലപ്പുറത്തെ യുവാക്കളെ ദ്രോഹിച്ചത് തുറന്നു പറഞ്ഞതാണോ കുറ്റം. മലയോരമേഖലയിലെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നം എതിര്‍ത്ത് ജയിലില്‍ പോയതാണോ തെറ്റ്.

 ജില്ലയെയാകെ ഏറ്റവും വലിയ വര്‍ഗീയ വാദികളും വിഘടന വാദികളുമായി ആര്‍എസ്എസുമായി ചേര്‍ന്ന് ചിത്രീകരിക്കാന്‍ അജിത് കുമാര്‍ കൂട്ടുനിന്നത് സമൂഹത്തിന് മുന്നില്‍ തുറന്നു പറഞ്ഞതാണോ തെറ്റ്.

ജനങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ സംസാരിച്ചതെന്നും അന്‍വര്‍ പറഞ്ഞു.

'നിയമസഭ സാമാജികനാകാന്‍ വേണ്ടിയിട്ടുള്ള വെപ്രാളമാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഉള്ളത് സമൂഹത്തിന് മുമ്പിലേക്ക് വലിച്ചെറിഞ്ഞവനാണ് ഞാന്‍.

 അധികാരമോഹമുണ്ടെങ്കില്‍ അവിടെ നിന്നാല്‍ പോരേ. ഇനി എന്താണ് തനിക്ക് നഷ്ടപ്പെടാന്‍ ബാക്കിയുള്ളത്. ഈ സര്‍ക്കാരിനെതിരെ പറഞ്ഞതിന് ശേഷം തനിക്കെതിരെ 28 കേസുണ്ട്.

ഇപ്പറയുന്ന ആര്‍ക്കെതിരെയെങ്കിലും ഒരു കേസുണ്ടോ. ഇതെല്ലാം അനുഭവിച്ചു നില്‍ക്കുകയാണ്. ഞാന്‍ നയം വ്യക്തമാക്കിയിട്ടില്ലെന്നാണ് ഇപ്പോഴും പറയുന്നത്.

കാലു പിടിക്കുമ്പോള്‍ മുഖത്ത് ചവിട്ടുന്നു. ഇനി കാലുപിടിക്കാനില്ല. എനിക്ക് ഒരു അധികാരവും വേണ്ട. തന്നെ സര്‍ക്കാര്‍ കത്രിക പൂട്ടിട്ട് മുറുക്കുകയാണ്. ഭൂമിയില്‍ ഇരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഉയര്‍ന്ന പീഠത്തില്‍ ഇരിക്കാനാണ് മറ്റു ചിലര്‍ക്ക് ആഗ്രഹം.

അതെല്ലാം ഇട്ടെറിഞ്ഞ് പോന്നവനാണ് ഞാന്‍. നിലമ്പൂരിലെ ജനങ്ങള്‍ക്ക് ഇതെല്ലാം അറിയാം. പിണറായിസം അടക്കം താന്‍ ജനങ്ങള്‍ക്ക് മുന്നില്‍ ഉന്നയിച്ചു.

സര്‍ക്കാരിനെതിരെ വസ്തുനിഷ്ടമായി കാര്യങ്ങളെല്ലാം ആര്‍ക്കാണ് ബോധ്യപ്പെടുത്താന്‍ സാധിച്ചതെന്നും' അന്‍വര്‍ ചോദിച്ചു.

വനഭേദഗതി ബില്‍ അടക്കം സര്‍ക്കാരില്‍ നിന്നും ജനങ്ങള്‍ക്കെതിരായ നടപടികള്‍ ഉയര്‍ത്തിക്കാട്ടിയാണ് താന്‍ രാജിവെച്ചത്. പിണറായി വിജയന്‍ സര്‍ക്കാരിനെ പുറത്താക്കാനാണ് രാജി വെച്ചത്.

മൂന്നാം പിണറായി വിജയന്‍ സര്‍ക്കാരെന്ന നരേഷന്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. അതു ശരിയല്ല, യുഡിഎഫാണ് വരേണ്ടതെന്ന് വോട്ടിങ്ങ് പാറ്റേണിലൂടെ ജനങ്ങളെ മനസ്സിലാക്കിക്കാനാണ് ശ്രമിച്ചത്.

എന്നാല്‍ അതിനു പറ്റിയ സ്ഥാനാര്‍ത്ഥിയെയാണോ യുഡിഎഫ് അവതരിപ്പിച്ചത്. ഒരാള്‍ക്കും എതിര്‍പ്പില്ലാത്ത ഒരു സ്ഥാനാര്‍ത്ഥി വേണമെന്നാണ് ആവശ്യപ്പെട്ടത്. സ്ഥാനാര്‍ത്ഥിയുടെ കുഴപ്പം കൊണ്ട് ഒരു വോട്ടുപോലും ചോര്‍ന്നുപോകരുതെന്നാണ് ഉദ്ദേശിച്ചത്.

ഒരു വടിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയാലും തനിക്ക് പ്രശ്‌നമില്ല. ഷൗക്കത്തിനോട് അഭിപ്രായവ്യത്യാസമുണ്ട്. അതു തുറന്നു പറഞ്ഞിരുന്നു.

അടുത്തിടെ ഒരു വിവാഹത്തിന് ഞങ്ങള്‍ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്. വ്യക്തിപരമായ വിരോധമുണ്ടെങ്കില്‍ അങ്ങനെ ചെയ്യില്ലല്ലോ. അതല്ല ഇവിടെ വിഷയമെന്നും പി വി അന്‍വര്‍ പറഞ്ഞു.

Advertisment