/sathyam/media/media_files/2025/05/29/dAMR5fpZHKh7TOt7gub3.jpg)
മലപ്പുറം : സിപിഐ പാർട്ടി കോൺഗ്രസ്സിനു മുന്നോടിയായുള്ള മണ്ഡലം സമ്മേളനങ്ങൾ തുടരുകയാണ്. ജൂൺ മാസത്തിൽ ജില്ലാ സമ്മേളനങ്ങളും തുടങ്ങും.
അതിനിടെ സിപിഎം മലപ്പുറം ജില്ലാ ഘടകത്തിൽ പുതിയ വിവാദം പുകയുന്നു. കൊണ്ടോട്ടി മണ്ഡലം സമ്മേളനത്തിൽ അഡ്വ. കെ. കെ സമദ് മണ്ഡലം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് വിവാദം ഉടലെടുത്തത്.
പാർട്ടിയുടെ യുവജന സംഘടനയായ എ ഐ വൈ എഫ് ദേശീയ എക്സിക്യൂട്ടീവ് അംഗമാണ് കെ കെ സമദ്.
കഴിഞ്ഞ ആഴ്ച തിരുപ്പതിയിൽ നടന്ന ദേശീയ സമ്മേളനത്തിലാണ് ദേശീയ നേതൃ നിരയിലേക്ക് സമദ് തെരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ ദിവസം നടന്ന സിപിഐ കൊണ്ടോട്ടി മണ്ഡലം സമ്മേളനത്തിൽ പാർട്ടി മണ്ഡലം സെക്രട്ടറിയാക്കുകയും ചെയ്തു.
പാർട്ടി വേദികളിലെ അറിയപ്പെടുന്ന പ്രഭാഷകൻ കൂടിയായ സമദ് ദേശീയ തലത്തിൽ തന്നെ ഉയർന്നു വരാൻ കഴിവുള്ള യുവജന നേതാവായിരിക്കെ പാർട്ടി മണ്ഡലം സെക്രട്ടറി ചുമതലയിലേക്ക് നിശ്ചയിച്ചത് ഒതുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് ഒരു വിഭാഗം പറയുന്നത്.
സാമൂഹ്യ മാധ്യമങ്ങളിൽ ചില പ്രവർത്തകർ പരസ്യമായി ഇക്കാര്യം പറയുകയും ചെയ്തു. മലപ്പുറം ജില്ലയിൽ നിന്നുള്ള ഒരു സംസ്ഥാന നേതാവിന്റെ നീക്കമാണ് ഇതിന് പിന്നിലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
പാർട്ടി സംസ്ഥാന എക്‌സി.അംഗവും മുൻ മന്ത്രിയുമായ കെ പി രാജേന്ദ്രൻ നിരീക്ഷകനായി സമ്മേളനത്തിൽ ഉണ്ടായിരുന്നു.
നിലവിൽ സെക്രട്ടറി ഇ. കുട്ടൻ തുടരുമെന്ന് കരുതിയതാണെങ്കിലും അപ്രതീക്ഷിതമായി സമദിന്റെ പേര് ജില്ലാ -സംസ്ഥാന നേതൃത്വം നിർദേശിക്കുകയായിരുന്നു.
ദേശീയ തലത്തിൽ ഉയരാമായിരുന്ന ഒരു യുവജന നേതാവിനെ ഒരു മണ്ഡലത്തിൽ ഒതുക്കി എന്ന ആരോപണം ഇതോടെ ശക്തമായി. സമ്മേളന പ്രതിനിധികൾ തന്നെ തീരുമാനത്തെ ചോദ്യം ചെയ്തു.
പാലക്കാട് ജില്ലയിൽ വിഭാഗീയത ശക്തമായി തുടരുന്നതിനിടയിലാണ് സമീപ ജില്ലയായ മലപ്പുറത്തും വിഭാഗീയ സൂചനകൾ ഉണ്ടായതെന്നും സമദിനെ മണ്ഡലത്തിലേക്ക് ' ഒതുക്കിയ ' തീരുമാനം വിഭാഗീയതയുടെ ഭാഗമെന്ന നിലയിലും ഒരു വിഭാഗം പാർട്ടി പ്രവർത്തകർ പ്രതികരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us