/sathyam/media/media_files/2025/05/31/YiH0kKULckxosvRyj5xL.jpg)
മലപ്പുറം: നിലമ്പൂരിൽ ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഉപ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതെ ഉള്ളൂ.
എൽ ഡി എഫ് സ്ഥാനാർഥി എം സ്വരാജ് കൂടി രംഗത്തിറങ്ങിയതോടെ ആവേശം നിറഞ്ഞ രാഷ്ട്രീയ പോരാട്ടത്തിലേക്ക് നിലമ്പൂർ മാറി.
യുഡിഎഫിൽ ആര്യാടൻ ഷൗക്കത്ത് ആണ് എന്നതും ഉപതെരഞ്ഞെടുപ്പിന്റെ പ്രാധാന്യം കൂട്ടുന്നു.
വരാനിരിക്കുന്ന പഞ്ചായത്ത്- നിയമസഭ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്ന ഫലമാണ് നിലമ്പൂർ കാത്തിരിക്കുന്നതെന്ന് ഇരു മുന്നണികൾക്കും ബോധ്യമുണ്ട്.
കേന്ദ്ര ഭരണത്തിന്റെ സ്വാധീനം പല വിധത്തിൽ കേരളത്തിൽ പ്രയോഗിക്കാൻ ശ്രമിക്കുന്ന ബിജെപി നിലമ്പൂർ തെരഞ്ഞെടുപ്പിൽ അപ്രസക്തമാവുന്നു എന്ന പ്രത്യേകതയുമുണ്ട്.
എന്തു നിലപാട് നിലമ്പൂരിൽ സ്വീകരിക്കണം എന്നതിൽ ബിജെപിയിൽ വ്യക്തതയില്ല.
അതേസമയം ഉപ തെരഞ്ഞെടുപ്പിലേക്ക് വഴി തുറന്നിട്ട പി വി അൻവർ പടം മടക്കി കളം വിടുന്ന തരത്തിൽ ഗതികേടിൽ നിലം പതിച്ച അവസ്ഥയിലുമായി.
വി ഡി സതീശൻ നയിക്കുന്ന യുഡിഎഫിലേക്ക് ഇല്ലെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണമില്ലെന്നും ഏറ്റവും ഒടുവിൽ വ്യക്തമാക്കിയതോടെ അൻവർ എന്ന 'വിലപേശൽ' നേതാവിന്റെ രാഷ്ട്രീയ വിരാമം വെളിപ്പെടുന്നതായി.
തെരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും അൻവർ ഇനി ചിത്രത്തിലുണ്ടാവില്ല എന്നതാണ് അവസ്ഥ. സ്വയം കുഴിച്ച കുഴിയിൽ വീണ്, തെരഞ്ഞെടുപ്പിന് മുൻപ് തന്നെ തോറ്റുപോയ വ്യക്തിയായി അൻവർ മാറി എന്നതാണ് പൊതുവായ വിലയിരുത്തൽ. മുഖ്യമന്ത്രി
പിണറായി വിജയനെതിരെയും സിപിഎമ്മിനെതിരെയും യുദ്ധം പ്രഖ്യാപിച്ചു കൊണ്ടാണ് അൻവർ നിലമ്പൂരിൽ നിന്ന് 'പണി' തുടങ്ങിയത്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെ പേരെടുത്തു പറഞ് ആരോപണങ്ങൾ കടുപ്പിച്ചു.
തക്കം നോക്കി യുഡിഎഫ് അൻവർ പുറത്തു വിട്ട ആരോപണങ്ങളെ രാഷ്ട്രീയമായി സിപിഎമ്മിനെതിരെ ഉപയോഗിച്ചു.
പിന്നീട് പതുക്കെ രൂപവും ഭാവവും മാറ്റി അൻവർ യുഡിഎഫിലേക്ക് കടക്കാൻ വിലപേശലിന്റെയും ഭീഷണിയുടേയും സ്വരവുമായി പ്രത്യക്ഷപ്പെടാൻ തുടങ്ങി.
പക്ഷെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്വീകരിച്ച നിലപാട് അൻവറിന് അപ്രതീക്ഷിത പ്രഹരമായി.
അതുകൊണ്ടാണ് സതീശന്റെ യു ഡി എഫിലേക്ക് ഇല്ലെന്ന് അൻവറിന് തുറന്നു പറയേണ്ടി വന്നത്. ഇക്കാര്യത്തിൽ ലീഗിന്റെ സൗമനസ്യവും ഗുണം ചെയ്തില്ല.
ചുരുക്കത്തിൽ അൻവർ എന്ന രാഷ്ട്രീയ നേതാവിന് വിരാമമായി എന്നു വേണമെങ്കിലും കരുതാം.
നിലമ്പൂരിലെ തെരുവീഥികൾ ഇരു മുന്നണികളുടെയും പ്രചാരണ കൊടുങ്കാറ്റിന് വഴി മാറിയിരിക്കുന്നു. അതിനിടയിൽ അൻവർ ഇല്ല. സ്വരാജും ഷൗക്കത്തും മാത്രം.
അപ്പോഴും വോട്ടെടുപ്പിൽ അൻവറിന്റെ കൈവശമുള്ള വോട്ടുകൾ ആർക്ക് പതിയും എന്നത് പ്രസക്തവുമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us