മലപ്പുറം: അന്‍വറിന്‍റെ തന്ത്രങ്ങളോരോന്നും പോരാട്ട രംഗത്ത് പൊളിയുകയാണ്. ഒടുവില്‍ സ്വതന്ത്രനായി മല്‍സരിക്കുന്നതിന് കളമൊരുക്കാന്‍ അപൂര്‍ണ പത്രിക നല്‍കി തള്ളിച്ചത് ഉള്‍പ്പെടെയുള്ള തന്ത്രങ്ങളോരോന്നും പരാജയപ്പെടുകയാണ്.
തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നതിനായി അന്‍വര്‍ നല്‍കിയ പത്രികയാണ് ഇന്ന് വരണാധികാരി തള്ളിയത്. പത്രികയില്‍ നാമനിര്‍ദേശം ചെയ്യുന്ന 10 പേരുടെ ഒപ്പ് രേഖപ്പെടുത്തിയിട്ടില്ലെന്ന് കാണിച്ചാണ് തള്ളിയത്.
ലോക്സഭയിലും നിയമസഭയിലുമായി അഞ്ചാം തവണ മല്‍സരത്തിനിറങ്ങുന്ന അന്‍വറിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ പാലിക്കേണ്ട അടിസ്ഥാന മാനദണ്ഡങ്ങള്‍ പോലും അറിയില്ലെന്ന് വിശ്വസിക്കാന്‍ പൊതുവേ ആളുകള്‍ക്ക് പ്രയാസമാണ്.
അന്‍വറിന്‍റെ പുതിയ സങ്കേതമായ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും ഇതോടെ അന്‍വറിനോട് അതൃപ്തിയുള്ളതായാണ് സൂചന.
സ്വതന്ത്രനായി മല്‍സരിക്കാനായിരുന്നു അന്‍വറിന്‍റെ ലക്ഷ്യം. എന്നാല്‍ തൃണമൂല്‍ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മല്‍സരിക്കാത്തത് എന്തെന്ന ചോദ്യം ഉയരും. അതൊഴിവാക്കാനാണ് അന്‍വര്‍ 'അപൂര്‍ണ' പത്രിക നല്‍കിയതെന്നാണ് വിലയിരുത്തല്‍.
നേരത്തെ യുഡിഎഫില്‍ കയറിപ്പറ്റാന്‍ പയറ്റിയ തന്ത്രങ്ങള്‍ ഓരോന്നും പൊളിഞ്ഞിരുന്നു. ഉപതെരഞ്ഞെടുപ്പ് തക്കംനോക്കി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്കും തന്‍റെ പാര്‍ട്ടിക്കും ജയസാധ്യതയുള്ള 3 സീറ്റുകള്‍ തരപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
അതിനുള്ള സമ്മര്‍ദ്ദ തന്ത്രം എന്ന നിലയിലാണ് ആദ്യം യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെതിരെ ആദ്യ വെടിപൊട്ടിച്ചത്. പക്ഷേ യുഡിഎഫ് നേതൃത്വം അതില്‍ കയറിപ്പിടിച്ചതോടെ തന്ത്രങ്ങള്‍ ഓരോന്നായി പൊളിഞ്ഞു. അവസാനം യുഡിഎഫ് പടിക്കകത്ത് കയറ്റില്ലെന്ന അവസ്ഥ വന്നപ്പോഴാണ് ഒറ്റയ്ക്ക് മല്‍സരിക്കാന്‍ തീരുമാനിച്ചത്.
സ്വതന്ത്രനായി ജയിച്ച് രാജിവച്ച മണ്ഡലത്തില്‍ വീണ്ടും സ്വതന്ത്രനായി മല്‍സരിക്കുമ്പോള്‍ ആ രാജി എന്തിനായിരുന്നെന്ന ചോദ്യം ഉയരുകയാണ്. അതിനു മറുപടി പറയുക എന്നതാണ് പ്രചരണരംഗത്ത് അന്‍വറിനുള്ള പ്രധാന വെല്ലുവിളി.
അതിനിടയില്‍ പിണറായിസത്തിനെതിരെ പടപൊരുതാന്‍ ഇറങ്ങി ഒടുവില്‍ ഇടതുപക്ഷവുമായി വീണ്ടും ചര്‍ച്ചയ്ക്ക് സാധ്യതകള്‍ ആരാഞ്ഞു എന്ന വാര്‍ത്തകള്‍ പുറത്തവന്നതോടെ രാഷ്ട്രീയമായും പൂര്‍ണ പ്രതിരോധത്തിലായി.