മലപ്പുറം: മുഖ്യമന്ത്രിയും സംഘ്പരിവാറും ഒരേ തോണിയില്‍ യാത്ര ചെയ്യുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍.
മലപ്പുറം ജില്ലയെക്കുറിച്ച് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച വ്യക്തിയാണ് മുഖ്യമന്ത്രിയെന്നും ആ നിലപാടില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
സംഘ്പരിവാറിന് കുടപിടിച്ചു കൊടുക്കുകയാണ് മുഖ്യമന്ത്രിയെന്നും മലപ്പുറത്തെ ജനങ്ങളെ ഏറ്റവും കൂടുതല്‍ അപമാനിച്ച എ വിജയരാഘവനാണ് നിലമ്പൂരില്‍ സിപിഎമ്മിന് വേണ്ടി പ്രചാരണത്തിന് എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം- ബിജെപി കൂട്ടുക്കെട്ടിനെ പരാജയപ്പെടുത്തി നിലമ്പൂരില്‍ വലിയ ഭൂരിപക്ഷത്തിന് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
''മലപ്പുറം ജില്ലയിലാണ് നിലമ്പൂര്‍. മലപ്പുറം ജില്ലയെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ള ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.
മലപ്പുറത്ത് തീവ്രവാദമാണെന്നും മലപ്പുറത്ത് സ്വര്‍ണ കള്ളക്കടത്താണെന്നും ക്രിമിനല്‍ ആക്ടിവിറ്റിയാണ് നടക്കുന്നതെന്നും അദ്ദേഹത്തിന്റെ പി ആര്‍ ഏജന്‍സി ഡല്‍ഹിയിലെ എല്ലാ ദേശീയ മാധ്യമങ്ങള്‍ക്കും നോട്ട് കൊടുത്തു.
അതിന് ശേഷം മുഖ്യമന്ത്രി ഹിന്ദു ദിനപത്രത്തില്‍ ഇന്റര്‍വ്യൂ കൊടുത്തു. അപ്പോള്‍ ഒരു സംഘ് പരിവാര്‍ അജണ്ടയുണ്ട്.
മലപ്പുറത്ത് തീവ്രവാദമാണ്, സ്വര്‍ണകള്ളക്കടത്താണ്, ക്രിമിനലുകളാണ്... എന്നാല്‍ സംഘ്പരിവാര്‍ തീവ്രവാദത്തിന് കുടപിടിച്ചു കൊടുക്കുന്ന ഇന്റര്‍വ്യൂവാണ് മുഖ്യമന്ത്രി നടത്തിയതെന്ന് വി.ഡി.സതീശൻ പറഞ്ഞു.