നിലമ്പൂർ : സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക മാറ്റങ്ങൾക്ക് പാതയൊരുക്കുന്ന ഉപതിരഞ്ഞെടുപ്പിൻ്റെ മത്സര ചിത്രം ഇന്ന് തെളിയും.
നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ നിലവിൽ 18 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.
സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തുള്ള മണ്ഡലത്തിലെ മുൻ എം.എൽ എ പി.വി അൻവർ പത്രിക പിൻവലിച്ച് മത്സരത്തിൽ നിന്നും മാറുമോ എന്നതിലും ആകാംക്ഷ നിലനിൽക്കുകയാണ്.
ആകെ ലഭിച്ച 25 പത്രികകളിൽ ഡെമ്മി സ്ഥാനാർഥികളുടേത് ഉൾപ്പെടെ ഏഴ് പത്രികകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം തള്ളിയിരുന്നു.
നിലവിൽ ആര്യാടൻ ഷൗക്കത്ത് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), എം. സ്വരാജ് (സി.പി.എം), മോഹന്‍ ജോര്‍ജ് (ബി.ജെ.പി), ഹരിനാരായണന്‍ (ശിവസേന), എന്‍. ജയരാജന്‍ (സ്വതന്ത്രന്‍), പി.വി. അന്‍വര്‍ (സ്വതന്ത്രന്‍), മുജീബ് (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി), അബ്ദുറഹ്‌മാന്‍ കിഴക്കേത്തൊടി (സ്വതന്ത്രന്‍), എ.കെ അന്‍വര്‍ സാദത്ത് (സ്വതന്ത്രന്‍), പി. രതീഷ് (സ്വതന്ത്രന്‍), പി. രാധാകൃഷ്ണന്‍ നമ്പൂതിരിപ്പാട് (സ്വതന്ത്രന്‍), ജി. സതീഷ് കുമാര്‍ (സോഷ്യലിസ്റ്റ് ജനതാദള്‍), വിജയന്‍ (സ്വതന്ത്രന്‍), സാദിഖ് നടുത്തൊടി (എസ്.ഡി.പി.ഐ) തുടങ്ങിയവരാണ് മത്സര രംഗത്തുള്ളത്.
ഇതിനിടെ എസ്.ഡി.പി.ഐ സ്ഥാനാർത്ഥി സാദിഖ് നടുത്തൊടിയുടെ പത്രിക തള്ളിയെന തെറ്റായ വാർത്ത പ്രചരിച്ചിരുന്നു. സാദിഖ് നടുത്തൊടി സമർപ്പിച്ച മൂന്ന് സെറ്റ് പത്രിക നൽകിയതിൽ രണ്ടെണ്ണം സ്വീകരിച്ചിട്ടുണ്ട്.
ഒന്ന് തള്ളുകയും ചെയ്തു. ഇതാണ് എസ്.ഡി.പി.ഐയുടെ പത്രിക തള്ളി എന്ന രീതിയിൽ തെറ്റായ വാർത്ത പ്രചരിക്കാൻ ഇടയായത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യം നൽകിയ പത്രക്കുറിപ്പിൽ സാദിക് നടുത്തൊടി (എസ്.ഡി.പി.ഐ) എന്ന പേര് തള്ളിയ പത്രികകളുടെ കൂട്ടത്തിലും സാദിഖ് നടുത്തൊടി (സ്വതന്ത്രൻ) എന്ന പേര് സ്വീകരിച്ച പത്രികകളുടെ കൂട്ടത്തിലും ഉണ്ടായിരുന്നു.
എന്നാൽ, പിന്നീട് ഇത് തിരുത്തി സ്വീകരിച്ചവരുടെ പട്ടികയിൽ സാദിഖ് നടുത്തൊടി (എസ്.ഡി.പി.ഐ) എന്ന പേര് ഉൾപ്പെടുത്തി പുതിയ പത്രക്കുറിപ്പ് ഇറക്കിയതോടെയാണ് ആശയക്കുഴപ്പം പരിഹരിക്കപ്പെട്ടത്.