നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം.സ്വരാജിനായി വോട്ടഭ്യർത്ഥിച്ച് മന്ത്രി മുഹമ്മദ് റിയാസ്. റിയാസിനെ വളർ‍ത്താൻ സ്വരാജിനെ സ്ഥാനാർത്ഥിയാക്കിയതെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപം ഇതോടെ പൊളിഞ്ഞടുങ്ങി. തങ്ങളുടെ തലമുറയിലെ ഏറ്റവും മികച്ച സ്ഥാനാർത്ഥിയാണ് എം.സ്വരാജ് എന്ന് മന്ത്രി റിയാസിന്റെ പ്രതികരണം. വലതുപക്ഷ പാർട്ടികളിൽ സംഭവിക്കുന്നത് പോലെയാണ് എല്ലാ പാർട്ടികളിലും കാര്യങ്ങൾ നടക്കുന്നത് എന്ന ധാരണവേണ്ടെന്ന് എം സ്വാരാജ്

വലതുപക്ഷ മൂല്യങ്ങളിൽ പുളയ്ക്കുന്ന സമൂഹത്തിൽ ജീവിക്കേണ്ടി വരുമ്പോൾ ഇത്തരം ആക്ഷേപങ്ങൾ കേൾക്കേണ്ടി വരിക സ്വാഭാവികമാണെന്ന് സ്വരാജിന്റെ വിലയിരുത്തൽ.

New Update
images(70)

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം.സ്വരാജിനെ സ്ഥാനാർത്ഥിയാക്കിയത് മുഖ്യമന്ത്രിയുടെ മരുമകൻെറ വളർച്ച ഉറപ്പാക്കാനാണെന്ന ആക്ഷേപം ശക്തമായി ഉയരുന്നതിനിടെ മണ്ഡലത്തിൽ എത്തി പ്രചാരണത്തിൽ സജീവമായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്.

Advertisment

ബക്രീദ് ദിനമായിട്ടും രാവിലെ തന്നെ നിലമ്പൂരിലെത്തിയ മന്ത്രി റിയാസ് പ്രചാരണത്തിനായി ഇറങ്ങുകയായിരുന്നു. റിയാസിനെ വളർ‍ത്താൻ സ്വരാജിനെ സ്ഥാനാർത്ഥിയാക്കിയെന്ന പ്രതിപക്ഷ മുന്നണിയുടെ നേതാക്കളുടെ ആക്ഷേപം തെറ്റെന്ന് തെളിയിച്ച് കൊടുക്കുകയാണ് റിയാസിൻെറ ദൗത്യം.


തങ്ങളുടെ തലമുറയിലെ ഏറ്റവും മികച്ച സ്ഥാനാർത്ഥിയാണ് എം.സ്വരാജ് എന്നാണ് നിലമ്പൂരിൽ വെച്ച് മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്.


സർക്കാരിനും സിപിഎമ്മിനും നേരെ വരുന്ന പ്രതികരണങ്ങളെ പ്രതിരോധിക്കാൻ ശക്തമായി മുന്നിട്ടിറങ്ങുന്ന റിയാസിൽ നിന്ന് സമീപകാലത്ത് ഉണ്ടായ ഏറ്റവും മികച്ച രാഷ്ട്രീയ പ്രസ്താവനയാണിത്.

സ്വരാജിൻെറ വ്യക്തിത്വം കൂടി മാറ്റുരക്കുന്ന മത്സരത്തിൽ അത് ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നതിനും സ്വരാജുമായി ഭിന്നതയില്ലെന്ന് വ്യക്തമായി സ്ഥാപിച്ചെടുക്കുന്നതിനും സഹായമാകുന്നതാണ് റിയാസിൻെറ പ്രതികരണം.


രാഷ്ട്രീയ മാനങ്ങളുളള ഈ പ്രതികരണത്തിലൂടെ  പക്വതയുളള നേതാവാണ് താനെന്ന് പ്രഖ്യാപിക്കുകയാണ്. രാഷ്ട്രീയം പറയാനില്ലാത്തത് കൊണ്ടാണ് യു.ഡി.എഫ് നേതാക്കൾ ഇത്തരം ആക്ഷേപങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നത്.


ആക്ഷേപങ്ങൾ മാത്രമല്ല മതവർഗീയവാദവും പ്രതിപക്ഷം പ്രചരിപ്പിക്കുന്നുണ്ട്.നിലമ്പൂരിലെ ജനത ഇത് തിരിച്ചറിയുന്നുണ്ടെന്ന് പ്രതീക്ഷിക്കാവുന്ന പ്രതികരണമാണ് ലഭിക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.

തനിക്കെതിരെ പി.വി.അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ വസ്തുതയുണ്ടോയെന്ന് ജനം വിലയിരുത്തട്ടെയെന്നും റിയാസ് പ്രതികരിച്ചു.


നിലമ്പൂരിൽ പ്രചാരണത്തിനെത്തിയ മുഹമ്മദ് റിയാസ് സ്ഥാനാർത്ഥി സ്വരാജിനൊപ്പം സെൽഫി എടുത്താണ് മടങ്ങിയത്. സെൽഫി ചിത്രം നിലമ്പൂർ സെൽഫി, സഖാവ് എം.സ്വരാജിനെ വിജയിപ്പിക്കുക എന്ന കുറിപ്പോടെ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.


മന്ത്രി പി.എ.മുഹമ്മദ് റിയാസിൻെറ വളർച്ചക്ക് വേണ്ടിയാണ് തന്നെ നിലമ്പൂരിൽ സ്ഥാനാർഥിയായി നിയോഗിച്ചതെന്ന ആക്ഷേപം എം.സ്വരാജ് നേരത്തെ തന്നെ നിഷേധിച്ചിരുന്നു.

വലതുപക്ഷ മൂല്യങ്ങളിൽ പുളയ്ക്കുന്ന സമൂഹത്തിൽ ജീവിക്കേണ്ടി വരുമ്പോൾ ഇത്തരം ആക്ഷേപങ്ങൾ കേൾക്കേണ്ടി വരിക സ്വാഭാവികമാണ്.


വലതുപക്ഷ പാർട്ടികളിൽ സംഭവിക്കുന്നത് പോലെയാണ് എല്ലാ പാർട്ടികളിലും കാര്യങ്ങൾ നടക്കുന്നത് എന്നാണ് ചിലർ കരുതുന്നത്. അത്തരക്കാരോട് ഒന്നേ പറയാനുളളു, ഇത് കോൺഗ്രസല്ല,കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്.


ഇവിടെ ആരെയെങ്കിലും ഒതുക്കാനോ വളർത്താനോ അല്ല തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത്.തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് മാത്രമാണ് പ്രധാനമെന്ന് കരുതുന്നവരല്ല കമ്മ്യൂണിസ്റ്റുകാർ.

ജനാധിപത്യ സമൂഹത്തിൽ ആശയ പ്രചരണത്തിൻെറ ഭാഗമായിട്ടാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.അതുകൊണ്ട് അടിസ്ഥാന രഹിതമായ ആക്ഷേപങ്ങൾ ഉന്നയിച്ച് സ്വയം അപഹാസ്യരാവരുതെന്നേ ഇത്തരക്കാരോട് പറയാനുളളുവെന്നായിരുന്നു സ്വരാജിൻെറ മറുപടി.


പാർട്ടിക്കുളളിലോ മുന്നണിക്കുളളിലോ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളൊന്നുമില്ലെന്ന് വിളിച്ചുപറയുകയാണ് എൽ.ഡി.എഫ് നേതാക്കൾ ചെയ്യുന്നത്.


മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി റിയാസിനും എതിരെ ആരോപണങ്ങൾ ഉന്നയിക്കുന്ന അൻവറിനെ അവഗണിക്കാനാണ് സി.പി.എമ്മിലെ ധാരണ.ആക്ഷേപങ്ങൾക്ക് മറുപടി പറയാൻ പോയി അൻവറിനെ ഇനിയും വലുതാക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഈ സമീപനം.