/sathyam/media/media_files/2025/06/08/gS3uKoIrciMc98uQ755V.webp)
മലപ്പുറം: നിലമ്പൂർ വഴിക്കടവിൽ പന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം സർക്കാറിന് മേൽ അപ്രതീക്ഷിതമായ പ്രഹരമായി.
നിലമ്പൂർ ഉപ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ യു ഡി എഫ് ഈ വിഷയം അതി ശക്തമായി ഉയർത്തുകയും ചെയ്തു.
നേതാക്കളുടെ സാന്നിധ്യത്തിൽ വൻ പ്രതിഷേധമാണ് ഉയർന്നത്. സർക്കാർ സ്പോൺസേർഡ് കൊലപാതകം എന്നാണ് സംഭവത്തെ കുറിച്ച് യു ഡി എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചത്.
വിദ്യാർത്ഥി മരിച്ച സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ്സെടുത്ത പൊലീസ് അന്വേഷണം തുടങ്ങിയിട്ടുമുണ്ട്.
അതിനിടെ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നടത്തിയ പരാമർശം അതിരു വിട്ടുവെന്ന ആക്ഷേപം ശക്തമാവുകയാണ്.
അപകട വിവരം നാട്ടുകാർ അറിയുന്നതിന് മുൻപ് മലപ്പുറത്ത് പ്രകടനം നടന്നുവെന്നും അപകടത്തിൽ സംശയമുണ്ടെന്നുമാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.
അപകടത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് സംശയമുള്ളതായും വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞതോടെ മന്ത്രിക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.
സംഭവത്തിന്റെ കാരണം അന്വേഷിക്കുകയും ഉചിതമായ നടപടി സ്വീകരിക്കാനും നിർദേശം കൊടുക്കുന്നതിനു മുൻപേ മന്ത്രി ഇത്തരത്തിൽ പ്രതികരിച്ചത് വൻ എതിർപ്പിനാണ് വഴി വെച്ചത്.
വനം വകുപ്പുമായി ബന്ധപ്പെട്ട നിയമങ്ങൾ കൊണ്ടു വന്നത് ഇന്ദിര ഗാന്ധിയാണെന്ന രാഷ്ട്രീയ മറുപടി ഉയർത്തി സിപിഎം നേതാക്കൾ യു ഡി എഫ് ആരോപണത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മന്ത്രി എ കെ ശശീന്ദ്രൻ വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്.
മന്ത്രിയുടെ പ്രസ്താവനക്കെതിരെ സിപിഎം കടുത്ത അതൃപ്‌തിയിലാണെന്നാണ് സൂചന.
മരണത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നത് ശരിയല്ലെന്നും വനം മന്ത്രിയുടെ പ്രസ്താവന അദ്ദേഹത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലയാകാമെന്നും നിലമ്പൂരിലെ എൽ ഡി എഫ് സ്ഥാനാർഥി എം സ്വരാജ് പറഞ്ഞു.
മരണപ്പെട്ട അനന്തുവിന്റെ വീട് എം സ്വരാജ് സന്ദർശിച്ചു.
നിർണായകമായ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ഇത്തരമൊരു ഗുരുതരമായ വിഷയത്തിൽ എ കെ ശശിന്ദ്രൻ നടത്തിയ പ്രസ്താവന നിരുത്തരവാദപരവും യു ഡി എഫിന് രാഷ്ട്രീയ ആയുധമാകുന്ന വിധത്തിലുള്ളതുമാണെന്ന നിലപാടിലാണ് സിപിഎം നേതൃത്വം.
വനം-വന്യജീവി-മനുഷ്യ സംഘർഷം ഉണ്ടായ ഘട്ടങ്ങളിലും എ കെ ശശീന്ദ്രൻ സ്വീകരിച്ച ചില നിലപാടുകൾ സിപിഎമ്മിനും മുന്നണിക്കും തലവേദനയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us