മലപ്പുറം: നിലമ്പൂര്‍ വഴിക്കടവ് വെള്ളക്കെട്ടയില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച വിദ്യാര്‍ഥിയായ അനന്തുവിന്റെ വീട്ടില്‍ എത്തി എം സ്വരാജ്.
അനന്തുവിന്റെ കുടുംബത്തെ സ്വരാജ് ആശ്വസിപ്പിച്ചു. നിര്‍ഭാഗ്യകരമായ സംഭവുമെന്നും കര്‍ശന നടപടി വേണമെന്നും സ്വരാജ് വ്യക്തമാക്കി.
പന്നിക്കെണിയില്‍ കുടുങ്ങിയതാണ്. അത് അപകടകരമായ കുറ്റകൃത്യമാണ്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാന പ്രതി പന്നി വേട്ട കച്ചവടമാക്കിയ ആളെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്.
ഇനി ഇത്തരമൊരു സംഭവമുണ്ടാകാതിരിക്കാനുള്ള കര്‍ശനമായ നടപടി പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകും. ഇത് വളരെ അപകടകരമായ കുറ്റകൃത്യമാണ്. അതിനെ അങ്ങനെ തന്നെ കണ്ട് എതിര്‍ക്കേണ്ടതുണ്ട് – സ്വരാജ് പറഞ്ഞു.
സംഭവത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന മന്ത്രി എ കെ ശശീന്ദ്രന്റെ പരാമര്‍ശത്തിന് മറുപടി പറയാന്‍ ഇല്ലെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തും പ്രതികരിച്ചു.
സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് നോക്കും, പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് വേണ്ടതെന്നും വിവാദമാക്കാനില്ലെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.
മരിച്ച കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തുമെന്ന് ഷൗക്കത്ത് പറഞ്ഞു. പോസ്റ്റുമോര്‍ട്ടം മഞ്ചേരിയിലേക്ക് മാറ്റിയത് എന്തിനാണെന്ന് അറിയില്ലെന്നും നിലമ്പൂരില്‍ തന്നെ നടത്താമെന്ന് സൂപ്രണ്ട് ഇന്നലെ ഉറപ്പ് പറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.