മലപ്പുറം: നിലമ്പൂർ വഴിക്കടവില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി അനന്തു പന്നിക്കെണിയില്‍ നിന്നു ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. വഴിക്കടവ് വെള്ളക്കെട്ട സ്വദേശി വിനീഷ് ആണ് അറസ്റ്റിലായത്.
കാട്ടുപന്നിയുടെ ഇറച്ചിക്ക് വേണ്ടിയാണ് ഇയാള്‍ കെണി വെച്ചത്. വിനീഷ് നേരത്തെയും സമാനമായ രീതിയില്‍ കെണി വെച്ച് പന്നിയെ പിടികൂടിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ഡിവൈഎസ്പി കെ അലവിക്കാണ് അന്വേഷണ ചുമതല.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലീസിന് കൂടുതല്‍ ഉത്തരവാദമുള്ളതിനാലാണ് ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണ ചുമതല കൈമാറുന്നതെന്ന് പൊലീസ് അറിയിച്ചു.
പ്രതിയുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ അടക്കം വിശദമായി പരിശോധിക്കും. മറ്റാര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.