മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച പത്താം ക്ലാസ് വിദ്യാര്‍ഥി അനന്തുവിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി നാട്.
അനന്തുവിന്റെ മൃതദേഹം വീടിന് സമീപമുള്ള ശ്മശാനത്തില്‍ സംസ്‌കരിച്ചു. അനന്തുവിനെ അവസാനമായി കാണാനായി വീട്ടിലേക്കും ശ്മശാനത്തിലേക്കും നാനാതുറകളില്‍ നിന്ന് നിരവധി ആളുകളാണ് ഒഴുകിയെത്തിയത്.
പോസ്റ്റുമോര്‍ട്ടത്തിനുശേഷം വഴിക്കടവിലെ മണിമൂളി ക്രൈസ്റ്റ് കിങ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ അധ്യാപകരും വിദ്യാര്‍ഥികളും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തി.
സഹപാഠികള്‍ പൊട്ടിക്കരഞ്ഞാണ് പ്രിയ സുഹൃത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. സ്‌കൂളിലെ പൊതുദര്‍ശനത്തിനുശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി.