നിലമ്പൂരിൽ സ്വരാജിനു വേണ്ടി പണിയെടുക്കാൻ സിപിഐ നേതൃത്വത്തിന് തിടുക്കം. അത്രയ്ക്ക് വിയർക്കേണ്ടെന്ന് പ്രവർത്തകർ.സ്വരാജ് സിപിഐയെ പരസ്യമായി അവഹേളിച്ച ചരിത്രം മറക്കാൻ കഴിയില്ല,അന്ന് കണക്കിന് കൊടുത്ത ബിനോയ്‌ വിശ്വവും കെ രാജനുമെല്ലാം ഇന്ന് സ്വരാജിന് വേണ്ടി നിലമ്പൂരിൽ മുറവിളി

അഹങ്കാരത്തിൻറെ പ്രതിരൂപമെന്നാണ് അന്ന് തൃപ്പൂണിത്തുറ എംഎൽഎയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന എം.സ്വരാജിനെ 2018 ലെ സിപിഐ എറണാകുളം ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ടിൽ വിശേഷിപ്പിച്ചത്.

New Update
images(115)

മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്  എൽഡിഎഫിനും യുഡിഎഫിനും നിർണായകമായ രാഷ്ട്രീയ പോരാട്ടമാണ്. സ്ഥാനാർഥികളായ ആര്യാടൻ ഷൗക്കത്തും എം സ്വരാജും പൂർണമായ ആത്മവിശ്വാസത്തിലുമാണ്. 

Advertisment

ഇരു മുന്നണികളുടെയും സംസ്ഥാന നേതാക്കൾ ഉൾപ്പെടെ നിലമ്പൂരിൽ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്. എം സ്വരാജിനു വേണ്ടി സിപിഐ നേതാക്കളും വളരെ ആവേശത്തോടെയാണ് മണ്ഡലത്തിൽ സജീവമായിട്ടുള്ളത്. 


എന്നാൽ സിപിഐയിലെ ഭൂരിഭാഗം പ്രവർത്തകർക്കും സ്വരാജിനു വേണ്ടി പ്രവർത്തിക്കാൻ താല്പര്യമില്ലാത്ത സ്ഥിതിയാണ്. 


സ്വരാജ് മുൻപ് കടുത്ത ഭാഷയിൽ സിപിഐയേ പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്തത് ഇപ്പോൾ പ്രവർത്തകർ ഓർത്തെടുക്കുന്നുണ്ട്. 

അഹങ്കാരത്തിൻറെ പ്രതിരൂപമെന്നാണ് അന്ന് തൃപ്പൂണിത്തുറ എംഎൽഎയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന എം.സ്വരാജിനെ 2018 ലെ സിപിഐ എറണാകുളം ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ടിൽ വിശേഷിപ്പിച്ചത്.


2016 ൽ ഉദയംപേരൂരിൽ സിപിഎമ്മിൽ രൂപപ്പെട്ട ഭിന്നതയെ തുടർന്ന് ചില പ്രവർത്തകർ സിപിഐയിൽ ചേർന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം അന്നത്തെ സിപിഐ ജില്ലാ സെക്രട്ടറി പി രാജുവും തൃപ്പൂണിത്തുറ എംഎൽഎ ആയിരുന്ന സ്വരാജുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചിരുന്നു. 


അതെ തുടർന്ന് സ്വരാജിനെതിരെ സിപിഐ മുഖപത്രത്തിൽ കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തിയുള്ള ലേഖനവും വന്നു. അന്ന് സിപിഐ പത്രം സ്വരാജിനെ കഴുതയോടുപമിച്ചു.

സ്വരാജിനെ വ്യാജമാർക്‌സിസ്റ്റായും സിപിഐ വിശേഷിപ്പിച്ചു. ബുദ്ധി മുളച്ചില്ലെങ്കിൽ ആ തലയിൽ തക്കാളി കൃഷി നടത്തുന്നതാണ് നല്ലതെന്നും  സിപിഐ തുറന്നടിച്ചു. സിപിഐ യുടെ ചെങ്കൊടിയെ സ്വരാജ് 'കീറത്തുണി' എന്നു വിശേഷിപ്പിച്ചുവെന്ന ആരോപണമായിരുന്നു പ്രധാനമായും സിപിഐയെ പ്രകോപിപ്പിച്ചത്.


താൻ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആദ്യമായി ഒരു സിപിഐക്കാരനെ കണ്ടതെന്ന് സ്വരാജ് പരിഹസിക്കുകയും ചെയ്തിരുന്നു.


അന്ന് സ്വരാജിന് മറുപടി പറയാൻ രംഗത്ത് വന്നവരിൽ പ്രധാനികൾ ബിനോയ്‌ വിശ്വവും കെ രാജനു മായിരുന്നു. 

ഇന്ന് അതേ സ്വരാജിന് വേണ്ടി വിയർപ്പൊഴുക്കാൻ നിലമ്പൂരിൽ ക്യാമ്പ് ചെയ്യുന്നു സിപിഐ സംസ്ഥാന സെക്രട്ടറിയായ ബിനോയ്‌ വിശ്വവും മന്ത്രിയായ കെ രാജനും ഉൾപ്പെടെയുള്ള സിപിഐ നേതാക്കൾ. 


പാർട്ടിയുടെ യുവജന-കർഷക നേതാക്കളുമെല്ലാം നിലമ്പൂരിലുണ്ട്. കർഷക വിഷയങ്ങൾ ഉയർത്തി സ്വരാജിന് വേണ്ടി ജൂൺ 12 ന് കർഷക മാർച്ച്‌ നടത്താൻ പാർട്ടിയുടെ കർഷക വിഭാഗമായ അഖിലേന്ത്യാ കിസാൻസഭയും തീരുമാനിച്ചിട്ടുണ്ട്. 


മലപ്പുറം സ്വദേശിയായ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ എം പി ക്കാണ് നിലമ്പൂരിൽ സിപിഐ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ മുഖ്യ ചുമതല.

നേതൃത്വം എല്ലാം മറന്നു സ്വരാജിന് വേണ്ടി ഇറങ്ങുമ്പോൾ കടുത്ത അതൃപ്തിയിലാണ് സിപിഐ പ്രവർത്തകർ. കടുത്ത സിപിഐ വിരോധിയും പാർട്ടിയെ മറ്റൊരു സിപിഎം നേതാക്കളും ചെയ്യാത്ത വിധം അവഹേളിക്കുകയും ചെയ്ത ചരിത്രമുള്ള സ്വരാജിനു വേണ്ടി പ്രവർത്തിക്കാൻ തങ്ങളെ കിട്ടില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം സിപിഐ പ്രവർത്തകർ.