മലപ്പുറം : വന്യജീവി - മനുഷ്യ സംഘർഷവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പരസ്പരം പഴി ചാരുകയാണ് കേന്ദ്ര- സംസ്ഥാന സർക്കാറുകൾ.
കേന്ദ്രം 2023ൽ കൊണ്ടുവന്ന വനഭേദഗതി നിയമം കേരളം പരിഗണിക്കാത്തതാണ് ആ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു.
കുടിയേറ്റ ജനതയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായിരുന്നു 2023 ലെ നിയമം.
നിര്‍മ്മിത ബുദ്ധിയുടെ സഹായത്താല്‍, വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് തടയാനുള്ള നടപടിക്ക് മറ്റു സംസ്ഥാനങ്ങള്‍ തയാറാവുമ്പോള്‍ ഇവയൊന്നും നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ മാത്രം തയാറായില്ലെന്നും ബിജെപി കുറ്റപ്പെടുത്തുന്നു.
കാട്ടുപന്നിയെ കൊല്ലാൻ കേന്ദ്ര സർക്കാറിന്റെ അനുമതി വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നുണപ്രചാരണം നടത്തുകയാണെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്.
വന്യമൃഗ ശല്യം നേരിടാൻ കേന്ദ്രം നല്‍കിയ അധികാരം എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ എല്ലായിടത്തും ഒരുപോലെ ഉപയോഗിക്കാത്തതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
കാട്ടുപന്നികളെ കൊല്ലാൻ കേന്ദ്ര അനുമതി വേണമെന്ന് സംസ്ഥാനസര്‍ക്കാര്‍ വ്യാജപ്രചാരണം നടത്തുകയാണെന്നും സംസ്ഥാന സർക്കാരിനും ജില്ലാ ഭരണകൂടത്തിനും പഞ്ചായത്തിനും വരെ മൃഗങ്ങളെ കൊല്ലാൻ അധികാരമുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കാട്ടുപന്നിയെ കൊല്ലാൻ അനുമതി യുള്ള കേന്ദ്ര നിയമത്തിനെതിരെ കേരളത്തിലെ കോൺഗ്രസ് എംപിമാർ പാർലമെന്റിൽ ബഹളമുണ്ടാക്കിയിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അതേസമയം മലയോര ജനതയുടെ ആവശ്യങ്ങൾ നിരാകരിക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേതെന്നും മറ്റ് പോം വഴി ഇല്ലെങ്കിൽ മാത്രമേ വെടിവെക്കാൻ കഴിയൂ എന്നുമാണ് മന്ത്രി എ കെ ശശീന്ദ്രൻ പറയുന്നത്.
അപ്രായോഗിക നിർദ്ദേശങ്ങളാണ് കേന്ദ്ര നിയമത്തിലുള്ളത്. ചീഫ് വൈൽഡ് ലൈഫ് വാർഡനുള്ള അധികാരം കേരളം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ട്.
നിലമ്പൂർ മണ്ഡലത്തിൽ മാത്രം 42 പന്നികളെ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വെടിവെച്ചു കൊന്നതായും കേരള നിയമസഭ നിയമ ഭേദഗതിക്കായി പ്രമേയം പാസാക്കിയതായും മന്ത്രി പറഞ്ഞു.
നിബന്ധനകളാൽ വരിഞ്ഞു മുറുക്കുന്നതാണ് കേന്ദ്ര നിയമം. സംസ്ഥാന സർക്കാരിനെ പ്രതികൂട്ടിലാക്കുന്ന നിലപാടാണ് കേന്ദ്ര മന്ത്രി സ്വീകരിച്ചത്. ഇത് തിരുത്താൻ കേന്ദ്രം തയ്യാറാകണമെന്നും എ കെ ശശീന്ദ്രൻ ആവശ്യപ്പെട്ടു.
പന്നിയെ ക്ഷുദ്ര ജീവിയായി കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ല. കേരളത്തിലെ കർഷകർക്ക് ആശ്വാസം നൽകാൻ നിബന്ധനകളിൽ ഇളവ് വേണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യം.