/sathyam/media/media_files/2025/06/11/EJoyUfx3rWMxBy6xzaZO.jpg)
നിലമ്പൂർ: ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇനി ആറുദിവസങ്ങൾ മാത്രം ശേഷിക്കെ പ്രചാരണം പരമാവധി മുറുക്കി മുന്നണികൾ. എൽ.ഡി.എഫ് സ്ഥാനാർത്ഥി എം സ്വരാജിന് വേണ്ടി മുഖ്യമന്ത്രി പിണറായിയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന മന്ത്രിപ്പടയ്ക്ക് പുറമേ ഇടത് ആഭിമുഖ്യമുള്ള സാഹിത്യ- സിനിമാ രംഗങ്ങളിലെ പ്രമുഖരും അണിനിരക്കും.
എഴുത്തുകാർ, കലാകാരന്മാർ എന്നിവരുടെ സംഗമം ഇന്ന് വൈകിട്ട് മൂന്നിന് നിലമ്പൂരിൽ നടക്കും. 100 പേർ പങ്കെടുക്കുമെന്നാണ് സംഘാടകസമിതി അറിയിച്ചിട്ടുള്ളത്.
ഇതിന് പുറമേ വി.ശിവൻകുട്ടി, റോഷി അഗസ്റ്റിൻ, പി.രാജീവ്, ആർ.ബിന്ദു, വി.അബ്ദുറഹിമാൻ, പി.പ്രസാദ്, ഒ.ആർ.കേളു, രാമചന്ദ്രൻ കടന്നപ്പളളി, കെ.ബി.ഗണേഷ് കുമാർ, ജി.ആർ.അനിൽ, വി.എൻ. വാസവൻ എന്നിവരും മണ്ഡലത്തിൽ സജീവ പ്രചാരണത്തിന്റെ ഭാഗമാണ്. 13, 14, 15 തീയതികളിൽ മുഖ്യമന്ത്രിയും പ്രചാരണത്തിനായി മണ്ഡലത്തിൽ രംഗത്തിറങ്ങും.
യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി 13, 14 തീയ്യതികളിൽ പ്രിയങ്ക ഗാന്ധി പ്രചാരണത്തിനെത്തുമെന്നാണ് അറിയാൻ കഴിഞ്ഞത്.
എൽ.ഡി.എഫന് വേണ്ടി രംഗത്തിറങ്ങുന്ന സാഹിത്യകാരൻമാർ ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് നേരെ കണ്ണടച്ചവരാണെന്ന വിമർശനവും യു.ഡി.എഫ് തൊടുക്കുന്നു.
ഇതിന് സർക്കാരിനെതിരായ പ്രചാരണം നടത്താൻ ആശാ വർക്കറുമാരും രംഗത്തിറങ്ങും. വീട് കയറിയുള്ള പ്രചാരണം നടത്താനാണ് ആശമാരുടെ തീരുമാനം.
പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ചുക്കാൻ പിടിക്കുന്ന പ്രചാരണത്തിന്റെ മുൻനിരയിൽ കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് അടക്കമുള്ള സംസ്ഥാനത്തെ മുതിർന്ന നേതാക്കളും സജീവമാണ്.
ഇതിനിടെ വിവിധ കക്ഷികളുടെ പിന്തുണയും വിവാദങ്ങൾക്കും ആരോപണ - പ്രത്യാരോപണങ്ങൾക്കും കാരണമായിട്ടുണ്ട്. വെൽഫെയർ പാർട്ടിയും പി.ഡി.പിയും നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ നിലപാട് വ്യക്തമാക്കിയതോടെയാണ് ആരോപണ, പ്രത്യാരോപണങ്ങളുമായി യു.ഡി.എഫും എൽ.ഡി.എഫും രംഗത്തെത്തിയത്.
ഇരു മുന്നണികളും വർഗീയ ശക്തികൾക്കു പിന്നാലെ പോകുന്നുവെന്നാണ് ആരോപണം. പി.ഡി.പി പീഡിപ്പിക്കപ്പെട്ടൊരു വിഭാഗമാണെന്നും പഴയ വർഗീയ നിലപാടോ ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദമോ അവർക്കില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമാക്കി.
എൽ.ഡി.എഫിനു പിന്തുണ പ്രഖ്യാപിച്ച അഖില ഭാരത ഹിന്ദു മഹാസഭ ആരാണെന്നു പോലും അറിയില്ലെന്നാണ് സി.പി.എം നിലപാട്. സി.പി.എമ്മിനു പിന്തുണ നൽകുമ്പോൾ അവരെ മതനിരപേക്ഷവാദികളും യു.ഡി.എഫിനെ പിന്തുണയ്ക്കുമ്പോൾ വർഗീയവാദികളുമാക്കുന്നത് സ്ഥിരം പരിപാടിയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തിരിച്ചടിച്ചു.
ജമാഅത്തെ ഇസ്ലാമി ഇപ്പോൾ മതരാഷ്ട്രവാദം ഉന്നയിക്കുന്നില്ലെന്നും അവരുടെ സമീപനത്തിൽ മാറ്റം വന്നതായും അദ്ദേഹം വ്യക്തമാക്കി. പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ പ്രധാന മുന്നണികളുടെ കൂടുതൽ നേതാക്കൾ പ്രചാരണത്തിനായി എത്തും.
ഇരുമുന്നണികളും പ്രചാരണം കൊഴുപ്പിക്കുമ്പോൾ മണ്ഡലത്തിൽ ബി.ജെ.പി കിതയ്ക്കുകയാണ്. സ്വന്തം വോട്ടുകൾ എൽ.ഡി.എഫിന് അനുകൂലമായി മറിക്കുമെന്ന യു.ഡി.എഫിന്റെ ആരോപണം അവരെ വെട്ടിലാക്കിയിട്ടുണ്ട്.
ആദ്യം മത്സരരംഗത്തില്ലെന്ന് പറഞ്ഞ അവർ പീന്നിട് യു.ഡി.എഫ് വോട്ട് ഭിന്നിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി ക്രൈസ്തവ സ്ഥാനാർത്ഥിയെ മത്സരരംഗത്തിറക്കിയത് എൽ.ഡി.എഫിന്റെ അനുഗ്രഹാശിസുകളോടെയാണെന്ന ആരോപണവും മണ്ഡലത്തിൽ നിലനിൽക്കുന്നു.
മുഖ്യമന്ത്രിയുമായി അകന്നതിനെ തുടർന്ന് ഇടതു മുന്നണിവിട്ട പി.വി.അൻവർ നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ്. മണ്ഡലത്തിലെ 'അൻവർ ഇഫക്ട്' എന്താകുമെന്ന് മുന്നണികൾ തലപുകയ്ക്കുന്നുണ്ട്.
2021ലെ തിരഞ്ഞെടുപ്പിൽ 2700 വോട്ടിനാണ് അൻവർ ജയിച്ചത്. 81,277 വോട്ട് നേടി. 2016ൽ, ഇപ്പോഴത്തെ കോൺഗ്രസ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെ 11,504 വോട്ടിനാണ് അൻവർ തോൽപിച്ചത്. 77,858 വോട്ട് നേടി.
യുഡിഎഫിന് ശരാശരി 75,000 വോട്ടും എൽഡിഎഫിന് 60,000വോട്ടും മണ്ഡലത്തിലുണ്ടെന്നാണ് വിലയിരുത്തൽ. അൻവർ പതിനായിരത്തിനു മുകളിൽ വോട്ടു നേടിയാൽ ജയപരാജയങ്ങളെ സ്വാധീനിക്കാനാകും.
തുടർഭരണമെന്ന ലക്ഷ്യത്തോടെ പോകുന്ന എൽ.ഡി.എഫിന് വിജയം പ്രധാനപ്പെട്ടതാണ്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിലമ്പൂരിലെ ഫലമാകും യു.ഡി.എഫിന്റെ തുടർ നീക്കങ്ങളെ സ്വാധീനിക്കുക. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് ജയിക്കാൻ ഇരുമുന്നണികളും കൊണ്ടുപിടിച്ച പ്രചാരണവും പുറത്തെടുത്തു കഴിഞ്ഞിട്ടുണ്ട്.