സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി പിവി അന്‍വര്‍

സമസ്ത ഇകെ വിഭാഗത്തിന് മണ്ഡലത്തിലുള്ള ശക്തമായ സ്വാധീനവും സമസ്തയ്ക്കുള്ളില്‍ വളര്‍ന്നുവരുന്ന ലീഗ് വിരുദ്ധ ചേരിയുടെ വോട്ടുമാണ് അന്‍വര്‍ ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത് എന്നാണ് വിലയിരുത്തല്‍. 

New Update
samstha p v anwar

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ സ്വതന്ത്രസ്ഥാനാര്‍ഥി പിവി അന്‍വര്‍. 

Advertisment

ജിഫ്രി തങ്ങളുടെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. യുഡിഎഫ് - ജമാ അത്തെ ഇസ്ലാമി സഖ്യവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് അന്‍വര്‍ ജിഫ്രി തങ്ങളെ കണ്ടത്. നേരത്തെ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുമായും അന്‍വര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

സമസ്ത ഇകെ വിഭാഗത്തിന് മണ്ഡലത്തിലുള്ള ശക്തമായ സ്വാധീനവും സമസ്തയ്ക്കുള്ളില്‍ വളര്‍ന്നുവരുന്ന ലീഗ് വിരുദ്ധ ചേരിയുടെ വോട്ടുമാണ് അന്‍വര്‍ ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത് എന്നാണ് വിലയിരുത്തല്‍. 


ഇന്ന് വൈകുന്നേരത്തെ കൊട്ടിക്കലാശം ഒഴിവാക്കി ഭവന സന്ദര്‍ശനം മാത്രമാക്കി ചുരുക്കാന്‍ തീരുമാനിച്ചതിന് ശേഷമുള്ള അന്‍വറിന്റെ ആദ്യ കൂടിക്കാഴ്ചയാണിത്. 


യുഡിഎഫ്- ജമാ അത്തെ സഖ്യത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത രംഗത്തുവന്നിരുന്നു. ജമാ അത്തെ ഇസ്ലാമി മതവിരുദ്ധമാണെന്ന സമസ്തയുടെ നിലപാടില്‍ മാറ്റമില്ലെന്നും നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

കലാശക്കൊട്ടിനില്ലെന്ന് അന്‍വര്‍ കഴിഞ്ഞ ദിവസം തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. 'നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പ്രമേയം നമ്മള്‍ ഉയര്‍ത്തിയ വിഷയങ്ങളാണ്.


ഈ വിഷയങ്ങള്‍ മുഴുവന്‍ വോട്ടര്‍മാരിലേക്കും എത്തിക്കേണ്ട ചുമതല നമ്മള്‍ ഓരോരുത്തരും ഏറ്റെടുക്കേണ്ടതുണ്ട്. സമയം അമൂല്യമായതിനാല്‍ നാളെ കലാശക്കൊട്ടിന്റെ സമയംകൂടി വീടുകള്‍ കയറി പ്രചരണം നടത്താന്‍ എല്ലാവരും ശ്രദ്ധിക്കണം.


 ഈ തെരഞ്ഞെടുപ്പിന്റെ ആവശ്യകതയും പ്രാധാന്യവും ഉള്‍കൊണ്ടു കൊണ്ടും പൊതു ജനങ്ങളുടെ യാത്രാ സൗകര്യം പരിഗണിച്ചും കലാശക്കൊട്ടിന്റെ സമയം നമ്മള്‍ വ്യക്തികളെ കാണാനും വീടുകള്‍ കയറാനും നമ്മുടെ വോട്ടുകള്‍ ഉറപ്പിക്കാനും വിനിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു' - അന്‍വര്‍ പറഞ്ഞു.

Advertisment