മലപ്പുറം: നിലമ്പൂരില്‍ വമ്പന്‍ അവകാശവാദങ്ങളുമായി രംഗത്തിറങ്ങിയിട്ടും കാര്യമായ ചലനങ്ങളുണ്ടാക്കാനാകാതെ 19000 വോട്ടുകളിലൊതുങ്ങിയ അന്‍വറിനെ യുഡിഎഫില്‍ എടുക്കാനാകാതെ പോയതില്‍ 'വിലാപവുമായി' ഇറങ്ങിയിരിക്കുന്ന നേതാക്കളുടെ തനിനിറം പുറത്ത്.
അന്‍വര്‍ ഒപ്പമുണ്ടായിരുന്നെങ്കില്‍ വിജയത്തിന്‍റെ ക്രെഡിറ്റ് അന്‍വറിന് നല്‍കി അത് സ്വന്തം പാര്‍ട്ടിയില്‍ മറ്റാരും അടിച്ചെടുക്കാതെ സുരക്ഷിതമാക്കാം എന്ന് കരുതിയിരുന്നവരാണ് നിരാശരായത്. ഒപ്പം അന്‍വറില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങി 'പിആര്‍' ഏറ്റെടുത്ത മാധ്യമങ്ങള്‍ക്കും അതൊരു നിരാശയായി.
വോട്ടെണ്ണല്‍ ദിനത്തില്‍ 'ദയനീയ' പ്രകടനം കാഴ്ചവച്ച അന്‍വറിന്‍റെ പോരാട്ടത്തെ എന്തോ വലിയ സംഭവമാക്കി ചിത്രീകരിച്ച മാധ്യമങ്ങള്‍ക്ക് പിന്നീടാണ് അമളി വ്യക്തമായത്.
2006 -ല്‍ കാഞ്ഞിരപ്പള്ളിയില്‍ കോണ്‍ഗ്രസിന്‍റെ ഒരു ബ്ലോക്ക് നേതാവ് കെപി ഷൗക്കത്ത് വിമതനായി മല്‍സരിച്ച് നേടിയ 15000 വോട്ടിന്‍റെ തിളക്കംപോലും 'സിറ്റിങ്ങ് ' എംഎല്‍എ ആയി മല്‍സരിച്ച അന്‍വറിന്‍റെ പോരാട്ടത്തിനില്ലാതെ പോയി.
ജില്ലയില്‍ പിപി സുലൈമാന്‍ റാവുത്തര്‍ 2 തവണ ഒറ്റയ്ക്ക് മല്‍സരിച്ച് 30000 ലേറെ വോട്ടുകള്‍ നേടിയതാണ്.
അന്‍വര്‍ നിലമ്പൂരില്‍ മല്‍സരിച്ചതുപോലെ പൂഞ്ഞാറില്‍ സിറ്റിങ്ങ് സീറ്റില്‍ ഒറ്റയ്ക്ക് മല്‍സരിച്ച് പിസി ജോര്‍ജ് ആദ്യം 27000 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു. വീണ്ടും സ്വതന്ത്രനായി മല്‍സരിച്ചപ്പോള്‍ തോറ്റെങ്കിലും യുഡിഎഫിനെ പിന്നിലാക്കി രണ്ടാമനായി.
അത്തരത്തില്‍ ഒറ്റയ്ക്ക് മല്‍സരിച്ച് വന്‍ വിജയങ്ങള്‍ നേടിയ നേതാക്കള്‍ ചുറ്റും ഉള്ളപ്പോഴാണ് നിലമ്പൂരിലെ അന്‍വറിന്‍റെ ദയനീയ പ്രകടനത്തെ 'നിലമ്പൂര്‍ സുല്‍ത്താന്‍' എന്നൊക്കെ വിശേഷിപ്പിച്ച് മാധ്യമങ്ങള്‍ വാങ്ങിയ കാശിന് കൂറു കാണിച്ചത്.
അന്‍വറിനെ യുഡിഎഫില്‍ എടുത്തില്ലെങ്കില്‍ മുന്നണി എന്തോ വലിയ അപകടം നേരിടാന്‍ പോകുന്നെന്ന നിലയിലായിരുന്നു വോട്ടെണ്ണല്‍ ദിവസത്തെ തള്ള് !
പക്ഷേ, അന്‍വറിന്‍റെ 'ശക്തി' മനസിലാക്കിയ കോണ്‍ഗ്രസ് നേതാക്കള്‍ തല്‍ക്കാലം അന്‍വറിനെ മുന്നണിയിലെടുക്കാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയതോടെ തള്ളുകളൊക്കെ വെറുതെയായി.
എന്നിട്ടും ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അന്‍വറില്ലാതെ ഉറക്കം വരാത്ത സ്ഥിതിയാണ്. വെളിവില്ലാതെ തലങ്ങും വിലങ്ങും വേണ്ടാത്തത് വിളിച്ചു പറയുന്ന അന്‍വറിനെ മുന്നണിയിലെത്തിച്ച് വിഡി സതീശനെ വിമര്‍ശിപ്പിക്കാനാണ് ചിലരുടെ ഉന്നം. അതായത്, മുന്നണിയെ നന്നാക്കാനല്ല, കുളമാക്കാനാണ് അന്‍വര്‍ അനുകൂലികളുടെ ലക്ഷ്യം.
അന്‍വര്‍ ഇല്ലെങ്കിലും ഒരു ചുക്കും സംഭവിക്കാനില്ലെന്നാണ് നിലമ്പൂര്‍ യുഡിഎഫ് നല്‍കുന്ന പാഠം. സ്വന്തം മണ്ഡലത്തില്‍ 30000 വോട്ട് നേടാനാകാത്ത നേതാവ് എങ്ങനെയാണ് മലബാറില്‍ മുന്നണിയ്ക്ക് മുതല്‍കൂട്ടാകുന്നത് എന്നാണ് ചോദ്യം.