/sathyam/media/media_files/2025/08/02/milad-sherif-2025-08-02-15-54-57.jpg)
പൊന്നാനി: എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഈ വർഷത്തെ മീലാദ് ശരീഫ് പരിപാടികൾക്ക് ആരംഭം കുറിക്കുന്നത് പൊന്നാനിയിൽ.
അന്ത്യപ്രവാചകൻ മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനമാണ് ഈ വർഷത്തേതെന്നതിനാൽ മുൻകാലങ്ങളിലേതിനേക്കാൾ വിപുലവും വൈവിധ്യവുമായ പരിപാടികളോടെയാണ് ഇത്തവണത്തെ മീലാദ് ശരീഫ് ആചരണം.
അന്ത്യപ്രവാചകൻ മുഹമ്മദ് നബിയുടെ അധ്യാപനങ്ങളും ഇസ്ലാമിന്റെ വിധിവിലക്കുകളും ഏറെ പ്രസക്തിയോടേ തെളിഞ്ഞു വരുന്നുവെന്നതും അതോടൊപ്പം തന്നെ അവയുടെ നേരെ വിദ്വേഷ പ്രചാരകർ കൊണ്ടുപിടിച്ച എതിർ നീക്കങ്ങൾ നടത്തി കൊണ്ടിരിക്കുന്നു എന്നതുമാണ് ആനുകാലിക സംഭവ വികാസങ്ങളുടെ ആകെത്തുക.
ഈ സാഹചര്യത്തിൽ പ്രവാചക സ്മരണയിൽ രൂപം കൊടുക്കുന്ന പ്രചാരണ പരിപാടികൾ വിജയകരമാക്കുകയെന്നതാണ് സംഘാടകർ ദൗത്യമായി കാണുന്നത്.
ആഗസ്ത് 22 വെള്ളിയാഴ്ച പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ അരങ്ങേറുന്ന പൊന്നാനി മൗലിദ് മുതലായിരിക്കും ഈ വർഷത്തെ മീലാദ് ശരീഫ് പരിപാടികൾക്ക് സമാരംഭം.
പൊന്നാനി മേഖല ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് അബ്ദുറസാഖ് ഫൈസി മാണൂർ ആണ് പൊന്നാനി മൗലിദ് തിയ്യതി പ്രഖ്യാപിച്ചത്. പരിപാടികൾ ഗംഭീരവും വിജയകരവുമാക്കുന്നതിന് 101 അംഗ സ്വാഗതസംഘം നിലവിൽ വന്നു.
മുൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കെ എം മുഹമ്മദ് ഖാസിം കോയ ഹാജിയാണ് സ്വാഗത സംഘം ചെയർമാൻ. സ്വാഗത സംഘത്തിലെ മറ്റുള്ളവർ ഇവരാണ്: ജനറൽ കൺവീനർ - കെ വി സക്കീർ, ഫിനാൻസ് കൺവീനർ - സയ്യിദ് സീതിക്കോയ തങ്ങൾ അൽബുഖാരി. രക്ഷാധികാരികൾ - എസ് ഐ കെ തങ്ങൾ മുതൂർ, യൂസഫ് ബാഖവി മാറഞ്ചേരി, അബ്ദുറസാഖ് ഫൈസി മാണൂർ, ഹൈദർ മുസ്‌ലിയാർ മാണൂർ, സിദ്ധീഖ് മൗലവി അയിലക്കാട്. കോഡിനേറ്റർ - ഹുസൈൻ അയിരൂർ.
സ്വാഗത സംഘ രൂപവത്കരണ പരിപാടി പൊന്നാനി വലിയ ജുമാമസ്ജിദ് മുദരിസ് സയ്യിദ് ഹബീബ് തുറാബ് അസ്സഖാഫി ഉദ്ഘാടനം നിർവ്വഹിച്ചു.
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കൗൺസിലർ കൂടിയായ കെ എം മുഹമ്മദ് ഖാസിം കോയ ഹാജി, എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജനറൽ സെക്രട്ടറി മുനീർ പാഴൂർ, എസ് വൈ എസ് മലപ്പുറം വെസ്റ്റ് ഉപാദ്ധ്യക്ഷൻ ഇബ്റാഹിം ബാഖവി ഊരകം, സിദ്ധീഖ് അൻവരി, സുബൈർ ബാഖവി, ഹമീദ് ലത്വീഫി, ഉസ്മാൻ കാമിൽ സഖാഫി പൊന്നാനി, നജീബ് അഹ്സനി, ശാഹുൽ ഹമീദ് മുസ്‌ലിയാർ, ഹുസൈൻ അയിരൂർ, കെ വി സക്കീർ, മുബാറക് മഖ്‌ദൂം തുടങ്ങിയവർ സംസാരിച്ചു.