/sathyam/media/media_files/2025/09/05/1001228606-2025-09-05-12-30-27.jpg)
പൊന്നാനി: അന്ത്യപ്രവാചകൻ മുഹമ്മദ് നബിയുടെ തിരുജന്മം അടയാളപ്പെടുത്തി "ചെറിയ മക്ക" എന്ന അപരാഭിധാനമുള്ള മഖ്ദൂംമാരുടെ മണ്ണായ പൊന്നാനിയിൽ ഉടനീളം വിവിധ പരിപാടികൾ അരങ്ങേറി.
നബി ദിനം, വെള്ളിയാഴ്ച, തിരുവോണം എന്നിവ ഒരുമിച്ചു വന്നപ്പോൾ ആഘോഷ നിറവിലായെന്ന് മാത്രമല്ല ഒരുമയും സൗഹാർദവും സഹവർത്തിത്വവും കൺകുളിർപ്പിച്ച് കളിയാടി.
പുണ്യ നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് പൊന്നാനിയിലെ മസ്ജിദ് മുസമ്മിൽ ഇജാബ ആത്മീയോത്സവത്തിന്റെ നിറവിൽ തെളിഞ്ഞു.
വിശ്വാസത്തിന്റെ ആത്മീയ പ്രകാശം പരത്തിയ മീലാദ് സദസ്സിലേക്ക് നൂറുകണക്കിന് പേരാണ് അവിരാമം ഒഴുകിയെത്തിയത്.
വ്യാഴാഴ്ച രാത്രിയിലായിരുന്നു മസ്ജിദ് മുസമ്മിൽ ഇജാബ പ്രത്യേക നബിദിന മജ്ലിസ്.
പരിപാടി സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ അംഗം അൽഹാജ് ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ ഉദ്ഘാടനം ചെയ്തു.
“മുഹമ്മദ് നബി ലോക ജനതയ്‌ക്കു തന്നെ മാതൃകയാണ്. അക്രമത്തിന് ഇടമില്ലാത്തൊരു ജീവിതമാണ് നബി കാണിച്ചുതന്നത്.
അഗതികളെ കരുതലോടെ ചേർത്തുപിടിക്കുക, കുടുംബബന്ധങ്ങളെ സ്നേഹത്തോടെ ശക്തിപ്പെടുത്തുക, അയൽക്കാരെ സ്നേഹിക്കുക, ഇതരമതസ്ഥരെ സഹോദര സ്നേഹത്തോടെ സമീപിക്കുക, ഗുരുശിഷ്യബന്ധം ആദരവോടെ നിലനിർത്തുക – ഇവയാണ് നബി നൽകിയ അമൂല്യ സന്ദേശങ്ങൾ.
വിനയം, താഴ്മ – ഇതാണ് മനുഷ്യന്റെ യഥാർത്ഥ ശോഭ,” എന്ന് ഖാസിം കോയ തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
റഫീഖ് സഅദി അധ്യക്ഷത വഹിച്ച സദസ്സിൽ, ഹാജി ശാഹുൽ ഹമീദ് മുസ്‌ലിയാർ, കെ. എം. മുഹമ്മദ് ഇബ്രാഹിം ഹാജി, പാറ അബ്ദുൽ ഖാദർ മുസ്‌ലിയാർ, റഷീദ് ഫാളിലി, ഉസ്മാൻ മുസ്‌ലിയാർ, കെ. ബഷീർ മുസ്‌ലിയാർ എന്നിവർ പ്രസംഗിച്ചു.
ഫൈളുൽ ഖുദൂസ് റാത്തീബ്, മൻഖൂസ് മൗലിദ് അസ്റഖു ബൈത്ത്, അഖ്റമൽ ബൈത്ത് എന്നിവ വിശ്വാസത്തിന്റെയും പ്രണയത്തിന്റെയും സുഗന്ധം പരത്തി ആത്മാവിന് നിർവൃതിയായി. പ്രാർത്ഥനകളും പാരായണങ്ങളും കീർത്തനങ്ങളും രാത്രിയുടെ അന്ത്യ യാമങ്ങളിലും തുടർന്നു.
സ്‌നേഹത്തിന്റെ അടയാളമായി ഭക്ഷണപ്പൊതികൾ വിതരണം ചെയ്തുകൊണ്ടായിരുന്നു പരിപാടിയുടെ സമാപനം.