മലപ്പുറം: നിയമ വിരുദ്ധ ശാഹി മസ്ജിദ് സര്‍വ്വേയില്‍ പ്രതിഷേധിച്ച അഞ്ച് മുസ്ലിം ചെറുപ്പക്കാരെ യു.പി. പോലീസ് വെടിവെച്ചു കൊന്നതിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറത്ത് പന്തം കുളത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ജില്ലാ ട്രഷറര്‍ മുനീബ് കാരക്കുന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.
പതിനാറാം നൂറ്റാണ്ടില്‍ മുഗള്‍ ഭരണകാലത്ത് നിര്‍മിച്ച ഷാഹി മസ്ജിദ്, സംഭല്‍ ജില്ല ഔദ്യോഗിക വെബ്‌സൈറ്റില്‍ ചരിത്ര സ്മാരകമായി പരിചയപ്പെടുത്തപ്പെട്ടിട്ടുണ്ട്. 1991 ലെ ആരാധനാലയ നിയമപ്രകാരം നിലവിലുള്ള ആരാധനാലയങ്ങള്‍ അതേ സ്വഭാവത്തില്‍ നിലനിര്‍ത്തണമെന്ന വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ ലംഘിക്കുക എന്നുള്ളത്, കോടതി നിയമലംഘനത്തിന് കൂട്ടുനില്‍ക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍, ഈ നിയമത്തെ അവഗണിച്ച് കഴിഞ്ഞ ചൊവ്വാഴ്ച സംഭല്‍ കോടതിയാണ് ഷാഹി മസ്ജിദില്‍ സര്‍വേ നടത്താന്‍ അഡ്വക്കേറ്റ് കമ്മീഷണറിനെ ചുമതലപ്പെടുത്തിയത്. ഹരജിക്കാരുടെ വാദപ്രകാരം മസ്ജിദ് നിലനിന്ന സ്ഥലം മുമ്പ് ഹരിഹരക്ഷേത്രമായിരുന്നുവെന്നാണ് അവകാശവാദം.
ഹരജി സമര്‍പ്പിച്ച് മൂന്ന് മണിക്കൂറിനുള്ളില്‍ കോടതി സര്‍വേയ്ക്ക് അനുമതി നല്‍കിയതില്‍ സംശയാസ്പദത ഉണ്ടെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൂടാതെ, എല്ലാ നിയമനടപടികളും ലംഘിച്ച് ഈ അനുമതി നല്‍കുകയും, ഹരജിയില്‍ എതിര്‍ഭാഗത്തെ വാദങ്ങള്‍ കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്നും ആരോപിച്ചു.
യുപി സര്‍ക്കാരിന്റെ സുപ്രീംകോടതി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ജനാധിപത്യപരമായി പ്രതിഷേധിച്ച അഞ്ചു മുസ്ലിം ചെറുപ്പക്കാരെ പോലീസ് വെടിവെച്ചു കൊന്നതില്‍ രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ ശക്തമായി പ്രതികരിക്കണമെന്നും പ്രതിപക്ഷ പാര്‍ട്ടികളും നേതാക്കള്‍ കൂടിയുളള ശക്തമായ ഇടപെടലുകള്‍ നടത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
പ്രതിഷേധ പരിപാടിക്ക് ജില്ലാ സെക്രട്ടറിമാരായ നൗഷാദ് ചുള്ളിയന്‍, ആരിഫ് ചുണ്ടയില്‍, അഷ്‌റഫലി കട്ടുപ്പാറ, ബാസിത് താനൂര്‍, അതീക്ക് ശാന്തപുരം, സലാം സി എച്ച്, മുഖീമുദ്ദീന്‍ സി എച്ച്, ജലീല്‍ കോഡൂര്‍, അജ്മല്‍ തോട്ടൊളി എന്നിവര്‍ നേതൃത്വം നല്‍കി.