മലപ്പുറം: ബാബരി മസ്ജിദിന് ശേഷം ഗ്യാന്‍വാപി, ഷാഹി മസ്ജിദുകള്‍ കേന്ദ്രീകരിച്ച് ആര്‍എസ്എസ് നടത്തിക്കുന്ന നീക്കങ്ങള്‍ക്കും കോടതികളുടെ അനുകൂലമായ നിലപാടുകള്‍ക്കും എതിരെ ശക്തമായ ജനാധിപത്യ പ്രതികരണങ്ങള്‍ ആവശ്യമാണെന്ന് പ്രഖ്യാപിച്ച് നാളെ വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലയില്‍ 100 കേന്ദ്രങ്ങളിലായി ആരാധനാലയ നിയമ സംരക്ഷണ സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത അധ്യായമായി രേഖപ്പെടുത്തപ്പെട്ട 1992-ലെ ബാബരി മസ്ജിദ് തകര്‍ക്കുന്നതിനും മുമ്പ് നടത്തിയ അതേ രീതിയിലാണ് സംഘപരിവാര്‍ ശക്തികള്‍ ഗ്യാന്‍വാപി, ഷാഹി മസ്ജിദ് വിഷയങ്ങളില്‍ മുന്നൊരുക്കം നടത്തുന്നത്.
വ്യാജ അവകാശവാദങ്ങള്‍ ഉയര്‍ത്തി അത് സ്ഥാപിച്ചെടുക്കാന്‍ ഭരണ കൂടങ്ങളേയും അനുബന്ധ സംവിധാന ളുമായി അന്യായമായി കൂട്ടുകൂടുകയാണ്. കോടതികള്‍ തന്നെ ആരാധനാലയ നിയമം അട്ടിമറിച്ച് മസ്ജിദുകളില്‍ സര്‍വ്വേകള്‍ക്ക് അനുമതി നല്‍കുന്നത് ജനാധിപത്യ മൂല്യങ്ങള്‍ക്കും ഭരണഘടനാപരമായ സൗഹാര്‍ദത്തിനും എതിരാണ്.
ഈ പശ്ചാത്തലത്തില്‍, ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ദിവസമായ നാളെ പ്രതിഷേധങ്ങള്‍ക്കും നിയമ സംരക്ഷണത്തിനുമുള്ള ആഹ്വാനവുമായി വിവിധ കേന്ദ്രങ്ങളില്‍ സംഗമങ്ങള്‍ സംഘടിപ്പിക്കുകയാണ്.