/sathyam/media/media_files/gs2cBqmRJnbMUOwSIlu3.jpg)
കൊച്ചി: ലൈംഗികപീഡനക്കേസിൽ മുൻകൂർ ജാമ്യംതേടാൻ നിവിൻ പോളി ഇന്ന് കോടതിയെ സമീപിച്ചേക്കും. മുതിർന്ന അഭിഭാഷകനുമായി നടൻ കൂടിക്കാഴ്ച നടത്തി. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിവിൻ ഹൈക്കോടതിയെ സമീപിക്കും. അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു നിവിന് എതിരായ യുവതിയുടെ പരാതി.
എറണാകുളം ഊന്നുകൽ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. നിവിൻ പോളിക്കൊപ്പം ആറ് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ ആറാം പ്രതിയാണ് നിവിൻ. ഊന്നുകൽ സ്വദേശിയാണ് പരാതിക്കാരി.
നിലവിൽ ഊന്നുകൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കഴിഞ്ഞ ദിവസം പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എറണാകുളം റൂറൽ പൊലീസിനാണ് പരാതി ലഭിച്ചത്. വിഷയത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം നവംബർ ഒന്ന് മുതൽ ഡിസംബർ 15 വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്യുകയും യൂറോപ്പിൽ ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തു. അതിന് ശേഷം ദുബായിയിൽ കൊണ്ടുപോയി. ജ്യൂസിൽ മയക്കുമരുന്ന് ചേർത്ത് നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.