/sathyam/media/media_files/2025/08/20/mammootty-kozhi-thankachan-oru-kuttanadan-blog-2025-08-20-10-13-08.jpg)
ഇടുക്കി: അടിമാലിയിലെ മണ്ണിടിച്ചിൽ ഗുരുതരമായി പരുക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സന്ധ്യയുടെ മുഴുവൻ ചികിത്സാ ചെലവും ഏറ്റെടുത്ത് നടൻ മമ്മൂട്ടി. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനാണ് ചികിത്സാ ചെലവ് വഹിക്കുക. ഇതിനിടെ സന്ധ്യയുടെ ഇടതുകാൽ മുട്ടിനു താഴെ മുറിച്ചു നീക്കി.
മണ്ണിടിച്ചിലിൽ ഗുരുതരമായി പരുക്കേറ്റ സന്ധ്യയ്ക്ക് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ഇതിനകം രണ്ട് പ്രധാന ശസ്ത്രക്രിയകൾ നടന്നു. ആശുപത്രിയിൽ എത്തിച്ച ദിവസം തന്നെ എട്ടുമണിക്കൂർ നീണ്ട ശസ്ത്രക്രിയയായിരുന്നു നടന്നത്.
എന്നാൽ ഇടതുകാലിലെ രക്തയോട്ടം പൂർണമായി പുനഃസ്ഥാപിക്കാൻ കഴിയാതെ വന്നതോടെ ഇന്നലെ ഒരു കാൽ മുറിച്ചു മാറ്റേണ്ടിവന്നു. ലക്ഷങ്ങളാണ് ഇതുവരെയുള്ള ചികിത്സാ ചെലവ്. ഭർത്താവ് ബിജു ദുരന്തത്തിൽ മരിച്ചു.
മണ്ണിടിച്ചിലിൽ വീട് പൂർണമായും തകർന്ന കുടുംബം സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലായി. ഈ ഘട്ടത്തിലാണ് മമ്മൂട്ടിയുടെ ഇടപെടൽ. സന്ധ്യയുടെ മുഴുവൻ ചികിത്സാ ചെലവും ഏറ്റെടുക്കുമെന്ന് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ അറിയിച്ചു. സന്ധ്യ, ബിജു ദമ്പതികളുടെ ഇളയ മകൻ ഒരു വർഷം മുമ്പാണ് ക്യാൻസർ ബാധിച്ച് മരിച്ചത്. ഏക മകൾ ആര്യ നഴ്സിങ് വിദ്യാർഥിനിയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us