മാനന്തവാടി: വയനാട്ടിലെ നാട്ടിൻ പുറങ്ങൾ ചുറ്റിനടന്നു കാണാൻ കാട്ടിൽ നിന്നൊരു അതിഥി കറങ്ങി നടക്കുന്നുണ്ട്. രണ്ടാഴ്ചയായി ജില്ലയുടെ വിവധ ഭാഗങ്ങളിലൂടെ യാത്ര നടത്തുന്ന കാട്ടു പോത്ത് നിലവിൽ തെക്കുംതറയിലുണ്ടെന്നാണ് റിപ്പോർട്ട്.
ഇന്ന് രാവിലെയാണ് ജനവാസകേന്ദ്രത്തില്‍ കാട്ടുപോത്തിനെ കണ്ടുവെന്ന് വ്യക്തമാക്കി നാട്ടുകാർ രംഗത്തെത്തി. റോഡിലൂടെ നടന്നു പോവുകയായിരുന്നു.
കോക്കുഴി വഴി സഞ്ചരിച്ച കാട്ടുപോത്ത് പുഴകടന്ന് ഇടഗുനി തോട്ടത്തിലേക്ക് കയറിപ്പോയതായി നാട്ടുകാർ പറഞ്ഞു. കാരാറ്റപ്പടിയിലെ തോട്ടത്തിലും കാട്ടുപോത്തെത്തി.
18ന് ചെമ്പ്ര റോഡരികിൽ കാട്ടുപോത്തിനെ കണ്ടിരുന്നു. കഴിഞ്ഞ ബുധാഴ്ച പുലർച്ചെ മൂന്നരയോടെ മേപ്പാടി-കൽപ്പറ്റ റോഡിലെ കോട്ടവയലിലും കാട്ടുപോത്തിറങ്ങി.
വെള്ളിയാഴ്ച മുട്ടിലിന് സമീപം എടപ്പെടിയിലെ ജനവാസ മേഖലയിൽ കാട്ടുപോത്തെത്തി. വിവേകാനന്ദ റോഡിലൂടെയാണ് എത്തിയത്.
വീടുകളുടെ മുറ്റത്തുവരെ കയറി. ഏറെനേരം തമ്പടിച്ചശേഷമാണ് കാട്ടിലേക്ക് മടങ്ങിയത്. ശനിയാഴ്ച രാത്രി കമ്പളക്കാട് പള്ളിക്കുന്ന് റോഡിലെ പൂവനാരിക്കുന്നിലെ ജനവാസ മേഖലയിലും എത്തി.
ഒരേ കാട്ടുപോത്താണ് തോട്ടങ്ങളിലൂടെയും റോഡുകളിലൂടെയും സഞ്ചരിച്ച് ജനവാസ കേന്ദ്രത്തിൽ എത്തുന്നതെന്നാണ് നിഗമനം.
രാത്രിയിലും പകലും ഒറ്റക്ക് നടന്നുനീങ്ങുന്ന കാട്ടുപോത്ത് ഇതുവരെ ആക്രമണ സ്വഭാവം കാട്ടിയിട്ടില്ല.
വാഹനങ്ങളും കാൽനടയാത്രക്കാരും സഞ്ചരിക്കുന്ന പാതയിൽ നിരന്തരമായി കാട്ടുപോത്ത് എത്തുന്നത് ഭയത്തിനിടയാക്കിയിട്ടുണ്ട്.
പകൽ സമയങ്ങളിൽ പോലും നാട്ടിൽ കറങ്ങുന്ന കാട്ടുപോത്തിനെ ഉൾക്കാട്ടിലേക്ക് തുരത്താനുള്ള നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നുണ്ട്.