/sathyam/media/media_files/2025/10/27/manava-maithri-bodhi-book-release-2025-10-27-22-36-26.jpeg)
മാനവ മൈത്രി സംഗമത്തിന്റെ ഭാഗമായി തയ്യാറാക്കിയ ‘ബോധി ‘നവോത്ഥാന പ്രബോധന കൈപ്പുസ്തകം പ്രശസ്ത ചലച്ചിത്ര താരം പ്രകാശ് രാജ് പി. ടി കുഞ്ഞി മുഹമ്മദിന് നൽകി പ്രകാശനം നിർവ്വഹിച്ചു. ഈ കാലഘട്ടത്തിന് അനിവാര്യമായ സാംസ്‌കാരിക ദൗത്യമാണ് കേരള സാംസ്‌കാരിക വകുപ്പ് നിറവേറ്റുന്നതെന്ന് പ്രകാശ് രാജ് പറഞ്ഞു.
സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ.ദിവ്യ എസ് അയ്യർ IAS, ഭാഗ്യ ലക്ഷ്മി, മാനവ മൈത്രി സംഗമം ജനറൽ കൺവീനറും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ ഡോ.പ്രമോദ് പയ്യന്നൂർ, ശ്രീ നാരായണ ഗുരു അന്താഷ്ട്ര പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ശിശു പാലൻ, കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി അജോയ് ചന്ദ്രൻ, ചെറിയാൻ കല്പകവാടി തുടങ്ങിയർ കൈപുപുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
സാംസ്‌കാരിക വകുപ്പ് ഒരുക്കുന്ന മാനവ മൈത്രീ സംഗമം ഇന്ന് (2025 ഒക്ടോബർ 28 ന്) തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ അരങ്ങേറും. സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖരുടെയും ആദ്ധ്യാത്മിക മതപണ്ഡിതരുടെയും സാന്നിധ്യത്തിലാണ് മാനവ മൈത്രീ സംഗമത്തിന് വേദിയൊ രുങ്ങുന്നത്. ഉച്ച കഴിഞ്ഞ് 2.15 ന് നടക്കുന്ന സംഗീത വിരുന്നിന് ശേഷം നടക്കുന്ന ഉദ്‌ഘാടന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ. എസ്. അയ്യർ ഐ.എ.എസ് സ്വാഗതവും സ്വാമിഗുരുരത്‌നം ജ്ഞാനതപസ്വി അധ്യക്ഷഭാഷണവും നടത്തും. ബ്രഹ്മശ്രീ. സ്വാമി ശുഭാംഗാനന്ദ, ഡോ. തോമസ് മാർ അത്തനേഷ്യസ്, ഡോ.വി.പി. സുഹൈബ് മൗലവി തുടങ്ങിയവർ പ്രഭാഷണങ്ങൾ നടത്തി സംഗമം ഉദ്‌ഘാടനം നിർവ്വഹിക്കും.
തുടർന്ന് ആദ്ധ്യാത്മിക പണ്ഡിതരുടെ ഹ്രസ്വപ്രഭാഷ ണങ്ങൾക്കിടയിൽ സൂഫി സംഗീതം, രബീന്ദ്ര സംഗീതം, മതമൈത്രീ ഗാനങ്ങൾ, നവോത്ഥാന ഗീതങ്ങൾ, തോറ്റം പാട്ട് എന്നീ അവതരണങ്ങളും ഇതിനോടൊപ്പം അരങ്ങേറും. ശേഷം മാനവ മൈത്രി സന്ദേശ പ്രതിജ്ഞ പത്മശ്രീ. ഡോ. കെ. ഓമനക്കുട്ടി ടീച്ചർ സദസ്സിന് ചൊല്ലിക്കൊടുക്കും. തുടർന്ന് കേരളം 'ഇന്നലെ, ഇന്ന്, നാളെ ' എന്ന പ്രമേയത്തെ മുൻനിർത്തി നമ്മളൊന്ന് എന്ന മൾട്ടി മീഡിയ ദൃശ്യാവതരണം അരങ്ങേറും. ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും മാനവമൈത്രി സംഗമം ജനറൽ കൺവീനറുമായ ഡോ. പ്രമോദ് പയ്യന്നൂർ രൂപകൽപന നിർവ്വഹിക്കുന്ന കേരളീയ കലകളും ഡിജിറ്റൽ ദൃശ്യ സാധ്യതകളും സമന്വയിപ്പിക്കുന്ന ഈ ദൃശ്യാവതരണത്തിൽ നൂറോളം കലാപ്രതിഭകൾ പങ്കെടുക്കും.
ഡോ. എം.എ.സിദ്ധീഖും ഡോ. പ്രമോദ് പയ്യന്നൂരും ചേർന്ന് തയ്യാറാക്കിയ വിവരണപാഠത്തിന് പ്രൊഫ. അലിയാർ ശബ്ദം നൽകും. കൂടാതെ നിശാഗന്ധിയിൽ പ്രത്യേകം ക്രമീകരിക്കുന്ന ഗ്രാഫിറ്റിവാളിൽ നവോത്ഥാന നായികാനായകന്മാരുടെ സ്കെച്ചുകൾക്കിടയിൽ സംഗീത പശ്ചാത്തലത്തോടൊപ്പം, സാംസ്‌കാരിക പ്രതിഭകളുടെ മതനിരപേക്ഷ വാക്കുകളും കൈയ്യൊപ്പുകളും അടയാളപ്പെടുത്തുന്ന ദൃശ്യസാക്ഷ്യവും ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് 2.15ന് ആരംഭിക്കുന്ന മാനവ മൈത്രി സംഗമം രാത്രി 8.15 ന് അവസാനിക്കും. തുടർന്ന് ഒക്ടോബർ 31 ന് ആലുവയിലും, നവംബർ 4 ന് കോഴിക്കോടും മാനവമൈത്രി സംഗമം സംഘടിപ്പിക്കപ്പെടും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us